ഇറാന്റെ ഏഴുദിന വെടിനിർത്തൽ നിർദ്ദേശം ട്രംപ് തള്ളി; പശ്ചിമേഷ്യയിൽ ആശങ്ക വർദ്ധിക്കുന്നു
ശാരിക
വാഷിംഗ്ടൺ: ഇസ്രായേൽ-ലെബനൻ സംഘർഷങ്ങൾക്കിടയിൽ ഇറാന് മുന്നോട്ടുവെച്ച ഏഴുദിന വെടിനിർത്തൽ നിർദ്ദേശം യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നിരസിച്ചതായി റിപ്പോർട്ട്. ഖത്തർ മുഖേനയാണ് ഇറാൻ ഈ നിർദ്ദേശം അമേരിക്കയ്ക്ക് കൈമാറിയത്. നവംബറിൽ നടക്കുന്ന ഇടക്കാല തെരഞ്ഞെടുപ്പിന് ശേഷം മേഖലയിൽ സൈനിക നടപടികൾ പുനരാരംഭിക്കുമെന്ന സൂചനയും ഡൊണാൾഡ് ട്രംപ് നൽകിയതായാണ് വിവരങ്ങൾ.
ലെബനൻ ഉൾപ്പെടെ പശ്ചിമേഷ്യയിലെ എല്ലാ യുദ്ധമുഖങ്ങളിലും ഏഴുദിവസത്തേക്ക് ആക്രമണം നിർത്തിവെക്കണമെന്നതായിരുന്നു ഇറാന്റെ പ്രധാന നിർദ്ദേശം. ഇതിന് പുറമെ ഇറാന്റെ മരവിപ്പിച്ച വിദേശ ആസ്തികളിൽ നിന്ന് കുറഞ്ഞത് 1,200 കോടി ഡോളർ വിട്ടുനൽകുക, ഇറാന്റെ എണ്ണയ്ക്കുള്ള യു.എസ് ഉപരോധം പിൻവലിക്കുക, ഇറാന് എതിരായ നാവിക ഉപരോധം അവസാനിപ്പിക്കുക തുടങ്ങിയ നിബന്ധനകളും അവർ മുന്നോട്ടുവെച്ചിരുന്നു.
വെടിനിർത്തൽ പ്രാബല്യത്തിൽ വന്ന് ഏഴാം ദിവസം ഹോർമുസ് കടലിടുക്ക് തുറക്കാമെന്നും, ചരക്കുനീക്കം സാധാരണ നിലയിലാക്കാമെന്നും ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്‌ചി വ്യക്തമാക്കിയിരുന്നു. ബലപ്രയോഗത്തിനും ഭീഷണികൾക്കും മുന്നിൽ ഇറാൻ അടിയറവ് പറയില്ലെന്നും ഇനി തീരുമാനം അമേരിക്കയുടേതാണെന്നും അരാഗ്‌ചി കൂട്ടിച്ചേർത്തു. എന്നാൽ ഈ ആവശ്യങ്ങൾ പൂർണ്ണമായും തള്ളിക്കളയുന്ന നിലപാടാണ് അമേരിക്ക സ്വീകരിച്ചിരിക്കുന്നത്.
sdfdsf

