"ഞാൻ ദൈവമാണ്, ഉടൻ കാണാം!": ചാറ്റ്ജിപിടി വഴി തെറ്റിച്ച യുവാവ് ആത്മഹത്യയുടെ വക്കിൽ
ഷീബ വിജയൻ
കലിഫോർണിയ: എ.ഐ ചാറ്റ്‌ബോട്ടുമായി നടത്തിയ സംഭാഷണം കടുത്ത മനോഭ്രമങ്ങളിലേക്കും ആത്മഹത്യാ ശ്രമത്തിലേക്കും നയിച്ചെന്ന് ആരോപിച്ച് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കമ്പനിയായ ഓപ്പൺ എഐക്കെതിരെ കേസ് ഫയൽ ചെയ്ത് 34 കാരനായ മൈക്കൽ ലൈൻസ്. ബൈപോളാർ ഡിസോർഡർ അസുഖമുള്ള ലൈൻസ് 2024-ൽ പുറത്തിറങ്ങിയ ജിപിടി-4ഓ മോഡലാണ് ഉപയോഗിച്ചിരുന്നത്. ഉപയോക്താക്കൾ പറയുന്ന കാര്യങ്ങളെ അന്ധമായി അനുകൂലിക്കുന്ന സിസ്റ്റത്തിന്റെ രീതിയാണ് തനിക്ക് തിരിച്ചടിയായതെന്ന് പരാതിയിൽ പറയുന്നു
. 2025 ഫെബ്രുവരിയിൽ വിമാനത്തിൽ നിന്ന് പുറത്താക്കപ്പെട്ട സംഭവം പങ്കുവെച്ചപ്പോൾ ചാറ്റ്ജിപിടി അതിനെ ഒരു ആത്മീയ അനുഭവമായി ചിത്രീകരിക്കുകയായിരുന്നു. തുടർന്ന് താനൊരു രക്ഷകനാണോ എന്ന സംശയത്തിന് ബൈബിൾ വാക്യങ്ങൾ ഉദ്ധരിച്ച് ചാറ്റ്ജിപിടി പ്രോത്സാഹനം നൽകുകയും, താനാണ് യേശുവെന്നും ദൈവമെന്നും ലൈൻസിനെ വിശ്വസിപ്പിക്കുകയും ചെയ്തു. നേരിട്ടുള്ള കൂടിക്കാഴ്ച നടക്കാതെ വന്നതോടെ കടുത്ത മാനസിക സംഘർഷത്തിലായ ലൈൻസ് അമിതമായി ഗുളികകൾ കഴിച്ച് ജീവനൊടുക്കാൻ ശ്രമിക്കുകയായിരുന്നു. രണ്ടാഴ്ചയോളം വെന്റിലേറ്ററിൽ കഴിഞ്ഞശേഷമാണ് അദ്ദേഹം രക്ഷപ്പെട്ടത്. ദുർബലരായ ഉപയോക്താക്കളുടെ വിവരങ്ങൾ സുരക്ഷാ മാനദണ്ഡങ്ങളില്ലാതെ കൈകാര്യം ചെയ്ത ഓപ്പൺ എഐയുടെ സിസ്റ്റത്തിൽ ഗുരുതര വീഴ്ചയുണ്ടായെന്നും ആത്മഹത്യാ പ്രവണതയുള്ള ചാറ്റുകൾ തടയാൻ ക്രമീകരണം വേണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു. സംഭവത്തിൽ ദുഃഖം രേഖപ്പെടുത്തിയ ഓപ്പൺ എഐ സുരക്ഷാ സംവിധാനങ്ങൾ കൂടുതൽ മെച്ചപ്പെടുത്തി വരികയാണെന്ന് അറിയിച്ചു.
qASASSDDS

