ഖാർഗ് ദ്വീപിനു സമീപം ഇറാൻ എണ്ണക്കപ്പൽ ആക്രമിച്ച് യു.എസ്; പതിച്ചത് നാലു മിസൈലുകൾ
ഷീബ വിജയൻ
തെഹ്റാൻ: ഇറാന്റെ എണ്ണക്കപ്പൽ ആക്രമിച്ച് യു.എസ്. ഇറാന്റെ പ്രധാന എണ്ണ കയറ്റുമതി കേന്ദ്രമായ ഖാർഗ് ദ്വീപിന് സമീപത്തുവെച്ചാണ് എണ്ണക്കപ്പലിനുനേരെ യു.എസ് സൈന്യത്തിന്റെ ആക്രമണമുണ്ടായതെന്ന് ഇറാനിയൻ വാർത്താ ഏജൻസിയായ തസ്നിം റിപ്പോർട്ട് ചെയ്തു. കപ്പലിൽ നാല് മിസൈലുകൾ പതിച്ചു. ആളപായം ഉണ്ടായിട്ടില്ലെന്നും കപ്പലിലെ ജീവനക്കാരെ സുരക്ഷിതമായി ഒഴിപ്പിക്കുകയാണെന്നും പ്രാദേശിക വൃത്തങ്ങളെ ഉദ്ധരിച്ച് തസ്നിം റിപ്പോർട്ട് പറയുന്നു. ഇറാൻ അധികൃതർ ഇതുവരെ പ്രതികരിച്ചിട്ടില്ല.
ഖാർഗ് ദ്വീപ് ആക്രമിക്കുന്നതിന്റെ സാങ്കൽപിക വിഡിയോ കഴിഞ്ഞദിവസം യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രൂത്ത് സോഷ്യലിൽ പങ്കുവെച്ചിരുന്നു. ‘ഖാർഗ് ദ്വീപിനെ ഛിന്നഭിന്നമാക്കും’ എന്ന തലക്കെട്ടോടെ പങ്കുവെച്ച വിഡിയോയിൽ ഇറാന്റെ എണ്ണ ടാങ്കുകൾക്കും എണ്ണക്കപ്പലിനും നേരെ ആക്രമണം നടത്തുന്നതിന്റെ എ.ഐ ദൃശ്യങ്ങളാണ് പങ്കുവെച്ചിരുന്നത്. ഇതിനു പിന്നാലെയാണ് എണ്ണക്കപ്പലിനുനേരെ ആക്രമണം നടക്കുന്നത്.
ഖാർഗിന് നേരെ ആക്രമണമുണ്ടായാൽ ശക്തമായ തിരിച്ചടി നൽകുമെന്ന് ഇറാൻ സൈന്യം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പെട്രോളിയം കയറ്റുമതി രാജ്യങ്ങളുടെ സംഘടനയായ ഒപ്പെക്കിലെ മൂന്നാമത്തെ വലിയ ഉൽപാദകരാണ് ഇറാൻ. യുദ്ധത്തിന് മുമ്പ് തങ്ങളുടെ അസംസ്‌കൃത എണ്ണയുടെ 90 ശതമാനവും കയറ്റുമതി ചെയ്തിരുന്നത് ഖാർഗ് ദ്വീപ് വഴിയായിരുന്നു. എന്നാൽ, ഏപ്രിൽ പകുതിയോടെ ഇറാനിയൻ എണ്ണ കയറ്റുമതിക്ക് മേൽ യു.എസ് ഉപരോധം ഏർപ്പെടുത്തിയതു മുതൽ എണ്ണ നീക്കം തടസ്സപ്പെട്ടിരിക്കുകയാണ്.
ഖാർഗ് ലക്ഷ്യമിട്ടുള്ള യു.എസ് ആക്രമണം ഇറാനിയൻ എണ്ണ വ്യവസായത്തിനും യു.എസ് നാവിക ഉപരോധം കാരണം ഇതിനകം തന്നെ പ്രതിസന്ധിയിലായ ലോക സാമ്പത്ത് വ്യവസ്ഥക്കും വലിയ തിരിച്ചടിയാകും. ഖാർഗ് ദ്വീപ് ആക്രമിക്കുമെന്നും പിടിച്ചടക്കുമെന്നും ട്രംപ് പലതവണ ഭീഷണി മുഴക്കിയിട്ടുണ്ടെങ്കിലും ഇതുവരെ യു.എസ് ഖാർഗിനുനേരെ ആക്രമണം നടത്തിയിട്ടില്ല. യുദ്ധത്തിന് മുമ്പ് ലോകത്തെ എണ്ണ വിതരണത്തിന്റെ അഞ്ചിലൊന്ന് വഹിച്ചിരുന്ന പ്രധാന ജലപാതയായ ഹുർമുസ് കടലിടുക്ക് ഇറാൻ അടച്ചുപൂട്ടിയതിനെത്തുടർന്നാണ് ഇറാനിയൻ തുറമുഖങ്ങളിൽ യു.എസ് ഉപരോധം ഏർപ്പെടുത്തിയത്.
awesadsdsds

