യു.എസുമായി വീണ്ടും യുദ്ധത്തിന് തയാർ; ഇനി തീരുമാനം ട്രംപിന്റേതെന്ന് ഇറാൻ വിദേശകാര്യമന്ത്രി


പ്രദീപ് പുറവങ്കര

തെഹ്റാൻ: ഹുർമുസ് കടലിടുക്ക് തുറക്കുന്നത് സംബന്ധിച്ച ഇറാന്റെ പുതിയ നിർദ്ദേശം യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് തള്ളിക്കളഞ്ഞതിന് പിന്നാലെ ശക്തമായ മുന്നറിയിപ്പുമായി ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അറാഗ്ചി. ആവശ്യമെങ്കിൽ അമേരിക്കയുമായി വീണ്ടും ഒരു യുദ്ധത്തിന് ഇറാൻ പൂർണ്ണമായും സജ്ജമാണെന്ന് അറാഗ്ചി വ്യക്തമാക്കി. അതേസമയം തന്നെ, സമാധാനപരമായ പരിഹാരത്തിനായുള്ള നയതന്ത്ര ചർച്ചകളുടെ വാതിലുകൾ തങ്ങൾ അടച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എൻ.ബി.സി ന്യൂസിന്റെ 'മീറ്റ് ദി പ്രസ്സ്' പരിപാടിയിൽ സംസാരിക്കവെയാണ് ഇറാൻ വിദേശകാര്യമന്ത്രി നിലപാട് വ്യക്തമാക്കിയത്.

അമേരിക്ക വീണ്ടും സൈനിക നടപടി സ്വീകരിച്ചാലും അതിനെ നേരിടാൻ ഇറാൻ സന്നദ്ധമാണ്. യു.എസിലെ വരാനിരിക്കുന്ന ഇടക്കാല തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ടാണ് ഇറാൻ തീരുമാനങ്ങളിൽ മാറ്റം വരുത്തുന്നതെന്ന വാദങ്ങൾ തള്ളിയ അറാഗ്ചി, പുതിയ ഏതുതരം ആക്രമണമുണ്ടായാലും വിനാശകരമായ യുദ്ധത്തെ പോലും നേരിടാൻ തങ്ങൾ ഉറച്ചുനിൽക്കുമെന്ന് വ്യക്തമാക്കി. സ്വന്തം ദേശീയ താൽപ്പര്യങ്ങളാണ് തങ്ങൾക്ക് പ്രധാനം. എന്നാൽ നയതന്ത്ര ചർച്ചകളിലൂടെ പ്രശ്നം പരിഹരിക്കാനും സന്നദ്ധരാണെന്നും, ഇനി ഇക്കാര്യത്തിൽ തീരുമാനം എടുക്കേണ്ടത് പ്രസിഡന്റ് ട്രംപ് ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നവംബറിലെ ഇടക്കാല തെരഞ്ഞെടുപ്പുകൾക്ക് ശേഷം ഇറാനിലെ ബോംബാക്രമണങ്ങൾ പുനരാരംഭിക്കാൻ ട്രംപ് പദ്ധതിയിടുന്നതായി 'വാൾസ്ട്രീറ്റ് ജേണൽ' റിപ്പോർട്ട് ചെയ്തിരുന്നു. യു.എൻ ജനറൽ അസംബ്ലിയിലും ട്രംപ് ഇറാനെതിരെ കടുത്ത മുന്നറിയിപ്പുകൾ നൽകിയിരുന്നു. എന്നാൽ ട്രംപ് നിർദ്ദേശം പരസ്യമായി തള്ളിയെങ്കിലും, മധ്യസ്ഥർ വഴി പ്രവർത്തിക്കുന്ന ഔദ്യോഗിക നയതന്ത്രജ്ഞർ മുഖേന ഇത് സംബന്ധിച്ച് തങ്ങൾക്ക് ഔദ്യോഗിക അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്ന് അറാഗ്ചി പറഞ്ഞു.

ഖത്തർ മാധ്യസ്ഥർ വഴിയാണ് ഹുർമുസ് കടലിടുക്ക് തുറക്കുന്നത് സംബന്ധിച്ച പുതിയ നിർദ്ദേശം ഇറാൻ യു.എസിന് കൈമാറിയത്. ഏഴ് ദിവസത്തെ താൽക്കാലിക വെടിനിർത്തലും, തുടർന്ന് ആണവ പദ്ധതി ഉൾപ്പെടെയുള്ള വിഷയങ്ങളിൽ സമഗ്രമായ ചർച്ചകളും നടത്തുന്നതായിരുന്നു ഈ നിർദ്ദേശം. സംഘർഷം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി തന്ത്രപ്രധാനമായ സമുദ്രപാത തുറന്നുകൊടുക്കാൻ ഇറാൻ സന്നദ്ധമാണ്. എന്നാൽ മരവിപ്പിച്ച ആസ്തികൾ തിരികെ നൽകണമെന്നും എണ്ണ കയറ്റുമതി പുനരാരംഭിക്കാൻ അനുവദിക്കണമെന്നുമാണ് ഇറാന്റെ പ്രധാന നിബന്ധനകൾ.

അതേസമയം, ഉപരോധം മൂലം കനത്ത സാമ്പത്തിക തിരിച്ചടികൾ നേരിടുന്നതിനാലാണ് ഇറാൻ പെട്ടെന്ന് ചർച്ചകൾക്ക് മുതിരുന്നതെന്ന് ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ ട്രംപ് അവകാശപ്പെട്ടു. ഇറാന്റെ ഉപാധികൾ അംഗീകരിക്കില്ലെന്ന് വ്യക്തമാക്കിയ ട്രംപ്, അമേരിക്ക യുദ്ധത്തിൽ വിജയിക്കുമെന്നും അതിനുശേഷം ആഗോള തലത്തിൽ എണ്ണവില ഗണ്യമായി കുറയുമെന്നും പ്രത്യാശ പ്രകടിപ്പിച്ചു. ആഗോള ഇന്ധന വിപണിയിൽ നിർണ്ണായകമായ ഹുർമുസ് കടലിടുക്കിനെ ചൊല്ലിയുള്ള തർക്കം രൂക്ഷമായി തുടരുമ്പോഴും, ഒരു വശത്ത് സൈനിക നീക്കങ്ങളും മറുഭാഗത്ത് നയതന്ത്ര ശ്രമങ്ങളുമായി മുന്നോട്ട് പോകുകയാണ് ഇരുരാജ്യങ്ങളും.

article-image

sdfdsf

You might also like

  • Lulu Exchange
  • Straight Forward

Most Viewed