ഖാംനഈയുടെ കൊലപാതകം; അമേരിക്കയോടും ഇസ്രായേലിനോടും പ്രതികാരം ചെയ്യുമെന്ന് ഐആർജിസി
ശാരിക l അന്തർദേശീയം
തെഹ്‌റാൻ: ഇറാന്റെ മുൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈയുടെ മരണത്തിന് അമേരിക്കയോടും ഇസ്രായേലിനോടും കടുത്ത പ്രതികാരം ചെയ്യുമെന്ന് ആഹ്വാനം ചെയ്ത് ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (ഐ.ആർ.ജി.സി). ഖാംനഈയുടെ ഖബറടക്ക ചടങ്ങുകൾ പൂർത്തിയായതിന് പിന്നാലെയാണ് ഐ.ആർ.ജി.സി മുതിർന്ന കമാൻഡർ ബ്രിഗേഡിയർ ജനറൽ അഹമ്മദ് വഹിദി ഇരുരാജ്യങ്ങൾക്കും നേരെ കടുത്ത മുന്നറിയിപ്പുമായി രംഗത്തെത്തിയത്.
2026 ഫെബ്രുവരി 28-ന് യു.എസ്-ഇസ്രായേൽ സംയുക്ത സേന നടത്തിയ വ്യോമാക്രമണത്തിലാണ് ഖാംനഈ കൊല്ലപ്പെട്ടത്. ആക്രമണത്തിൽ അദ്ദേഹത്തിന്റെ മകളും പേരമക്കളും കൊല്ലപ്പെട്ടിരുന്നു. പരിക്കേറ്റ് ചികിത്സയിലായിരുന്ന ഭാര്യയും പിന്നീട് മരണത്തിന് കീഴടങ്ങി. തുടർന്ന് നീണ്ട 131 ദിവസങ്ങൾക്ക് ശേഷമാണ് ഖാംനഈയുടെ മൃതദേഹം ഖബറടക്കിയത്. ഖാംനഈയുടെ കൊലപാതകത്തിൽ ഇറാൻ നീതി നടപ്പിലാക്കുമെന്നും കുറ്റവാളികളായ അമേരിക്കൻ സൈന്യത്തിന് ശക്തമായ മറുപടി നൽകുമെന്നും വഹിദി വ്യക്തമാക്കി. ഇറാന്റെ തിരിച്ചടി ചരിത്രത്തിൽ നിന്ന് മായ്ച്ചുകളയാൻ സാധിക്കാത്ത വിധം കടുത്തതായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഖാംനഈയുടെ മരണശേഷം മകൻ മുജ്തബ ഖാംനഈയെ പുതിയ പരമോന്നത നേതാവായി നിയമിച്ചിരുന്നെങ്കിലും, സംസ്കാര ചടങ്ങുകളിൽ മുജ്തബ പങ്കെടുക്കാതിരുന്നത് വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്.
അതേസമയം, ആവശ്യമെങ്കിൽ ഇറാനെതിരെ മൂന്നാം തവണയും ആക്രമണം നടത്താൻ മടിക്കില്ലെന്ന് ഇസ്രായേൽ പ്രതിരോധ മന്ത്രി ഇസ്രയേൽ കാറ്റ്സ് വ്യക്തമാക്കി. ഇറാനുമായുള്ള യുദ്ധം അവസാനിച്ചിട്ടില്ലെന്നും, യെമൻ മുതൽ ഇറാൻ വരെയുള്ള ഏത് പ്രദേശത്തും ആക്രമണം നടത്താൻ തങ്ങളുടെ വ്യോമസേന സജ്ജമാണെന്നും ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവും പ്രതികരിച്ചു. ഇതിനിടെ, അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ വധിക്കാൻ ഇറാൻ പുതിയ പദ്ധതി ആവിഷ്കരിച്ചിട്ടുണ്ടെന്ന് ഇസ്രായേൽ ഇന്റലിജൻസ് യു.എസിന് മുന്നറിയിപ്പ് നൽകിയതായും റിപ്പോർട്ടുകളുണ്ട്. ഖബറടക്കത്തിന് തൊട്ടുമുമ്പുള്ള ആഴ്ചകളിലാണ് ഈ മുന്നറിയിപ്പ് ലഭിച്ചതെന്ന് രഹസ്യാന്വേഷണ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് സി.എൻ.എൻ റിപ്പോർട്ട് ചെയ്തു. ട്രംപിനെതിരെയുള്ള പുതിയ ഗൂഢാലോചന ഏറെ ആശങ്കപ്പെടുത്തുന്നതാണെന്നാണ് യു.എസ് വിലയിരുത്തൽ.
വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ഖാംനഈയുടെ വിലാപയാത്ര ജൂലൈ 4 മുതൽ 9 വരെ തെഹ്‌റാൻ, ഖും, ഇറാഖിലെ നജഫ്, കർബല, മശ്‌ഹദ് എന്നിവിടങ്ങളിലായി വിപുലമായ രീതിയിലാണ് നടത്തിയത്. തുടർന്ന് വ്യാഴാഴ്ച മശ്‌ഹദിലെ ഇമാം റെസ പള്ളിയിൽ ഔദ്യോഗിക കർമ്മങ്ങൾ പൂർത്തിയാക്കി ഭൗതികശരീരം ഖബറടക്കി. സംസ്കാര ചടങ്ങിൽ ഹമാസ്, ഗസ്സയിലെ ഇസ്‌ലാമിക് ജിഹാദ്, ലെബനാനിലെ ഹിസ്ബുല്ല, യമനിലെ ഹൂതി വിഭാഗം തുടങ്ങിയ സഖ്യകക്ഷികളുടെ പ്രമുഖ നേതാക്കളും സന്നിഹിതരായിരുന്നു.
േ്ി്േി

