മിഡിൽ ഈസ്റ്റിൽ നേരിട്ടുള്ള യുദ്ധത്തിനില്ലെന്ന് ബ്രിട്ടൻ; ഹോർമുസ് കടലിടുക്ക് തുറക്കാൻ അന്താരാഷ്ട്ര നീക്കം
പ്രദീപ് പുറവങ്കര
ലണ്ടൻ: പശ്ചിമേഷ്യയിൽ പടരുന്ന യുദ്ധത്തിൽ നേരിട്ട് പങ്കുചേരില്ലെന്ന് വ്യക്തമാക്കി ബ്രിട്ടീഷ് പ്രധാനമന്ത്രി കീർ സ്റ്റാർമർ. സംഘർഷത്തെത്തുടർന്ന് അടച്ചുപൂട്ടിയ ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതിനായി അന്താരാഷ്ട്ര സഖ്യകക്ഷികളുമായി ചേർന്ന് ബ്രിട്ടൻ പ്രവർത്തിക്കുമെന്നും അദ്ദേഹം അറിയിച്ചു. സുപ്രധാന എണ്ണ-വാതക കപ്പൽ പാതയായ ഹോർമുസിൽ റോയൽ നേവിയുടെ യുദ്ധക്കപ്പലുകൾ വിന്യസിക്കണമെന്ന ഡൊണാൾഡ് ട്രംപിന്റെ സമ്മർദ്ദം തള്ളിക്കൊണ്ടാണ് സ്റ്റാർമറുടെ ഈ പ്രഖ്യാപനം. വ്യക്തമായ പ്ലാനോ നിയമപരമായ അടിത്തറയോ ഇല്ലാതെ ബ്രിട്ടീഷ് സൈനികരെ അപകടത്തിലേക്ക് തള്ളിവിടാനില്ലെന്നും രാജ്യതാൽപ്പര്യത്തിനാണ് മുൻഗണനയെന്നും അദ്ദേഹം പറഞ്ഞു.
മേഖലയിലുള്ള ബ്രിട്ടീഷ് പൗരന്മാരുടെ സുരക്ഷയ്ക്കാണ് നിലവിൽ പ്രാധാന്യം നൽകുന്നത്. ഇതിനോടകം 92,000 ബ്രിട്ടീഷ് പൗരന്മാരെ ചാർട്ടേഡ് വിമാനങ്ങൾ വഴി നാട്ടിലെത്തിച്ചു. സൈപ്രസിൽ ആയിരക്കണക്കിന് സൈനികരെയും യുദ്ധവിമാനങ്ങളെയും വിന്യസിച്ചിട്ടുണ്ടെന്നും ഇറാൻ്റെ ഡ്രോൺ ആക്രമണങ്ങളെ തടയാൻ പ്രത്യേക സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ടെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. മിഡിൽ ഈസ്റ്റിലെ പ്രതിസന്ധി റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിന് മുതലെടുക്കാൻ അവസരമാകരുത്. ഉക്രെയ്നിനുള്ള പിന്തുണ തുടരുമെന്നും റഷ്യൻ അധിനിവേശത്തിന് ഈ സാഹചര്യം മറയാകാൻ അനുവദിക്കില്ലെന്നും കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണിയുമായും വ്ളാഡിമിർ സെലെൻസ്‌കിയുമായും നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം അദ്ദേഹം പറഞ്ഞു.
അന്താരാഷ്ട്ര സംഘർഷങ്ങൾ മൂലം എണ്ണവില വർദ്ധിക്കുന്നത് ബ്രിട്ടനിലെ സാധാരണക്കാരെ ബാധിക്കാതിരിക്കാൻ 53 മില്യൺ പൗണ്ടിന്റെ (ഏകദേശം 550 കോടി രൂപ) സാമ്പത്തിക പാക്കേജും പ്രധാനമന്ത്രി പ്രഖ്യാപിച്ചു. എണ്ണവില ബാരലിന് 100 ഡോളറിലേക്ക് ഉയർന്ന സാഹചര്യത്തിൽ, ഹീറ്റിംഗ് ഓയിലിനെ ആശ്രയിക്കുന്ന 15 ലക്ഷം കുടുംബങ്ങൾക്ക് ഈ സഹായം ലഭിക്കും. ഇതിൻ്റെ കൂടുതൽ വിവരങ്ങൾ അടുത്തയാഴ്ച ചാൻസലർ റേച്ചൽ റീവ്സ് പുറത്തുവിടും. ഇന്ധന നികുതി മരവിപ്പിക്കുന്നത് ഉൾപ്പെടെയുള്ള നടപടികൾ പരിഗണനയിലാണെന്ന് എനർജി സെക്രട്ടറി എഡ് മിലിബാൻഡ് സൂചിപ്പിച്ചു.
ആഗോളതലത്തിലെ എനർജി പ്രതിസന്ധിക്ക് നികുതിപ്പണം ഉപയോഗിച്ച് പരിഹാരം കാണുന്നതിന് പരിധിയുണ്ടെന്ന് സ്റ്റാർമർ ഓർമ്മിപ്പിച്ചു. വിദേശ രാജ്യങ്ങളിലെ സമാധാനം ബ്രിട്ടനിലെ സാധാരണക്കാരൻ്റെ നിത്യച്ചെലവുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു. അതിനാൽ പശ്ചിമേഷ്യയിൽ സമാധാനം പുനഃസ്ഥാപിക്കുക എന്നത് ബ്രിട്ടന്റെ ആഭ്യന്തര സുരക്ഷയുടെയും സാമ്പത്തിക ഭദ്രതയുടെയും കൂടി ആവശ്യമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
rdggd



