ചരിത്രനേട്ടവുമായി ചൈന: ബഹിരാകാശ നിലയത്തിൽ കൃഷി ചെയ്ത നെല്ല് വിജയകരമായി കൊയ്തെടുത്തു


ഷീബ വിജയൻ

ഭാവിയിലെ ബഹിരാകാശ ഗവേഷണങ്ങൾക്ക് ഊർജം പകരുന്ന പുതിയ നേട്ടം സ്വന്തമാക്കിക്കൊണ്ട് ഭൂമിക്കു പുറത്തു കൃഷി ചെയ്ത നെല്ലിന്റെ വിളവെടുപ്പ് ചൈന വിജയകരമായി പൂർത്തിയാക്കി. ബഹിരാകാശത്ത് സ്വന്തമായി ഭക്ഷ്യവസ്തുക്കൾ ഉത്പാദിപ്പിക്കുക എന്ന മനുഷ്യരാശിയുടെ വലിയ സ്വപ്നത്തിലേക്കുള്ള ചുവടുവെപ്പായാണ് ശാസ്ത്രലോകം ഇതിനെ കാണുന്നത്.

ചൈനയുടെ ടിയാൻഗോംഗ് ബഹിരാകാശ നിലയത്തിൽ (Tiangong Space Station) വളർത്തിയെടുത്ത നെൽച്ചെടികൾ വിളവെടുപ്പായപ്പോൾ ശാസ്ത്രജ്ഞരും ബഹിരാകാശ യാത്രികരും ചേർന്ന് കൊയ്തെടുക്കുകയായിരുന്നു. ബഹിരാകാശത്തെ പ്രതികൂല സാഹചര്യങ്ങളിൽ കൃഷി സാധ്യമാക്കാനും ഭാവിയിലെ ദീർഘകാല ബഹിരാകാശ ദൗത്യങ്ങൾക്ക് ഭക്ഷ്യവസ്തുക്കൾ സ്വന്തമായി ഉത്പാദിപ്പിക്കാനും ഗവേഷകരെ പ്രാപ്തരാക്കുകയാണ് ഇതിന്റെ ലക്ഷ്യം.

ഷെൻഷൂ-23 (Shenzhou-23) ദൗത്യത്തിന്റെ ഭാഗമായി ബഹിരാകാശ നിലയത്തിലുള്ള ശാസ്ത്രജ്ഞരാണ് ഈ കാർഷിക പരീക്ഷണത്തിന് പിന്നിൽ പ്രവർത്തിച്ചത്. ഗുരുത്വാകർഷണമില്ലാത്ത അവസ്ഥയിൽ (Microgravity) സസ്യങ്ങളുടെ ജനിതകമാറ്റങ്ങളും വളർച്ചയും പഠിക്കുകയാണ് പ്രധാനം. മേയിൽ നിലയത്തിലെത്തിച്ച വിത്തുകൾ മുളപ്പിച്ചു വളർത്തി, പൂവിട്ടു വിത്താക്കി മാറ്റുന്ന സീഡ്-ടു-സീഡ് (Seed-to-Seed) പ്രക്രിയയാണ് ഇപ്പോൾ പൂർത്തിയായിരിക്കുന്നത്.

ഭൂമിയിൽനിന്ന് തുടർച്ചയായി ഭക്ഷണസാധനങ്ങൾ ബഹിരാകാശ നിലയത്തിലെത്തിക്കുന്നത് ചെലവേറിയതും അപ്രായോഗികവുമായതിനാൽ അതത് കേന്ദ്രങ്ങളിൽ ഭക്ഷ്യവസ്തുക്കൾ ഉത്പാദിപ്പിക്കുന്ന ഇൻ-സിറ്റു പ്രൊഡക്ഷൻ വികസിപ്പിക്കുകയാണ് ലക്ഷ്യം. ചന്ദ്രനിലും ചൊവ്വയിലും താവളങ്ങൾ നിർമിച്ച് ദീർഘകാലം താമസിക്കുന്ന ബഹിരാകാശ യാത്രികർക്ക് ഇത്തരം സ്വയം പര്യാപ്ത കാർഷിക സംവിധാനങ്ങൾ അത്യന്താപേക്ഷിതമാണ്.

കൊയ്തെടുത്ത നെല്ലിന്റെ സാമ്പിളുകൾ ഭൂമിയിലെത്തിച്ച് വിശദമായ പരിശോധനകൾക്ക് വിധേയമാക്കുമെന്ന് ചൈനീസ് ശാസ്ത്രജ്ഞർ വ്യക്തമാക്കി. മൈക്രോഗ്രാവിറ്റിയും ബഹിരാകാശ വികിരണങ്ങളും സസ്യങ്ങളുടെ ജനിതകഘടനയിൽ വരുത്തിയ മാറ്റങ്ങൾ എന്തൊക്കെയാണെന്ന് പഠിക്കാനും, കൂടുതൽ വിളവ് നൽകുന്നതും പ്രതിരോധശേഷിയുള്ളതുമായ പുതിയ വിത്തിനങ്ങൾ വികസിപ്പിക്കാനും ഇത് സഹായകമാകും.

article-image

sesdsdssd

You might also like

  • Lulu Exchange
  • Straight Forward

Most Viewed