നിരായൂധീകരണ കരാർ ഹമാസിന്റെ തന്ത്രപരമായ കെണിയെന്ന് ഷിൻബെറ്റ് മേധാവി
ഷീബ വിജയൻ
ജറുസലേം: അമേരിക്കയുടെ പിന്തുണയോടെ ‘ബോർഡ് ഓഫ് പീസ്’ മുന്നോട്ടുവെച്ച കരാറിൽ ഹമാസ് ഒപ്പുവെച്ചത് സമാധാനത്തിനല്ലെന്നും, മറിച്ച് സമയം നേടാൻ ലക്ഷ്യമിട്ടുള്ള ‘തന്ത്രപരമായ കെണി’യാണെന്നും ഇസ്രായേൽ ആഭ്യന്തര സുരക്ഷാ ഏജൻസിയായ ഷിൻബെറ്റ് മേധാവി ഡേവിഡ് സിനി. അമേരിക്കയുടെ പിന്തുണയോടെയുള്ള ബോർഡ് ഓഫ് പീസ് മുന്നോട്ടുവെച്ച യുദ്ധാനന്തര ഗസ്സ സംബന്ധിച്ച കരാറിനെ കുറിച്ച് ഇസ്രായേൽ മന്ത്രിമാരും സുരക്ഷാ മേധാവികളും നടത്തിയ ഉന്നതതല ചർച്ചയിലാണ് ഇക്കാര്യം അദ്ദേഹം പ്രസ്താവിച്ചത്. ഹമാസ് ഈ കരാറിൽ ഒപ്പുവെച്ചത് സമയം നേടുന്നതിനും ഒക്ടോബർ 27ലെ തെരഞ്ഞെടുപ്പിന് മുമ്പ് ഗസ്സയിൽ ഇസ്രായേൽ വീണ്ടും സൈനിക നടപടി ആരംഭിക്കാതിരിക്കാനും ലക്ഷ്യമിട്ടാണ് -സിനി പറഞ്ഞതായി ടൈംസ് ഓഫ് ഇസ്രായേൽ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
അതേസമയം, ഇസ്രായേൽ സുരക്ഷാ കാബിനറ്റ് ഗസ്സയിൽ അന്താരാഷ്ട്ര സ്ഥിരതാ സേന പ്രവേശിച്ച് ഹമാസിനെ നിരായുധീകരിക്കുകയും പ്രദേശത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുകയും ചെയ്യുന്ന പദ്ധതിക്ക് അനുമതി നൽകിയിട്ടുണ്ട്. നിരായുധീകരണ പദ്ധതിയുടെ വ്യവസ്ഥകൾ ഇസ്രായേൽ അംഗീകരിച്ചിട്ടില്ലെന്ന് പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു നേരത്തെ വ്യക്തമാക്കിയിരുന്നു. ഹമാസ് അംഗീകരിച്ച പദ്ധതിയിലെ നിബന്ധനകൾക്ക് ഇസ്രായേൽ സമ്മതം നൽകിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. ഇതിനിടെ, ഇസ്രായേൽ 15 ഇന കരാറിനെ അംഗീകരിക്കുന്നില്ലെന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കണമെന്നും ചില മന്ത്രിമാർ ചർച്ചയിൽ ആവശ്യപ്പെട്ടു.
ഹമാസ് 15 പോയിന്റ് പദ്ധതി അംഗീകരിച്ചെങ്കിലും, ഇസ്രായേലിനെ നശിപ്പിക്കണമെന്ന അവരുടെ ലക്ഷ്യം അവർ ഉപേക്ഷിച്ചിട്ടില്ലെന്ന് യോഗത്തിൽ ഐ.ഡി.എഫ് മിലിട്ടറി ഇന്റലിജൻസ് റിസർച്ച് വിഭാഗം മേധാവി ബ്രി. ജനറൽ ഒഫിർ മിസ്റാഹി റോസൻ മുന്നറിയിപ്പ് നൽകിയതായും റിപ്പോർട്ടിലുണ്ട്. ഹമാസ് നിലവിലെ സാഹചര്യങ്ങളുടെ ഉത്തരവാദിത്തം ഇസ്രായേലിന്റെ ഭാഗത്തേക്ക് തള്ളിവിടാൻ ശ്രമിക്കുകയാണെന്നും, തുർക്കിയയും ഖത്തറും ഉൾപ്പെടെയുള്ള രാജ്യങ്ങളുടെ സാന്നിധ്യത്തോടെ സംഘർഷം അന്താരാഷ്ട്രവൽക്കരിക്കപ്പെടാനുള്ള സാധ്യതയുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഗസ്സയിൽ ഹമാസിന്റെയും മറ്റ് സായുധ ഗ്രൂപ്പുകളുടെയും സമ്പൂർണ നിരായുധീകരണത്തിനായി ചരിത്രപരമായ ഒരു കരാറിലെത്തിയതായി യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കഴിഞ്ഞ ആഴ്ചയാണ് വെളിപ്പെടുത്തിയത്. ഗസ്സയിൽ പുതിയൊരു ഫലസ്തീൻ ഭരണകൂടം യാഥാർഥ്യമാകുന്നതിനുള്ള നിർണായക ചുവടുവെപ്പാണിതെന്നും ട്രംപ് വിശേഷിപ്പിച്ചിരുന്നു. നിരായുധീകരണം പൂർത്തിയാകുന്ന മുറക്ക് ഇസ്രായേൽ സേന ഗസ്സയിൽ നിന്ന് പിന്മാറുമെന്നാണ് കരാറിലുള്ളത്.
cxzdxzdszads

