കുട്ടികളുടെ മാനസികാരോഗ്യം: മെറ്റയ്ക്ക് കനത്ത തിരിച്ചടി; 567 മില്യൺ ഡോളർ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്
ശാരിക
വാഷിംഗ്ടൺ: ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ കുട്ടികളുടെ മാനസികാരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നുവെന്ന കേസിൽ മാതൃകമ്പനിയായ മെറ്റയ്ക്ക് കനത്ത തിരിച്ചടി. യു.എസിലെ ന്യൂ മെക്സിക്കോ കോടതി മെറ്റയോട് 567 മില്യൺ ഡോളർ (ഏകദേശം 4,700 കോടിയിലധികം രൂപ) നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ടു.
കുട്ടികളിലെ സോഷ്യൽ മീഡിയ അടിമത്തവും ലൈംഗിക ചൂഷണവും തടയുന്നതിൽ പരാജയപ്പെട്ടുവെന്ന് കാട്ടി ന്യൂ മെക്സിക്കോ അറ്റോർണി ജനറൽ നൽകിയ ഹർജിയിലാണ് ഈ നടപടി. നഷ്ടപരിഹാര തുകയിൽ 420 മില്യൺ ഡോളർ കുട്ടികളുടെ മാനസിക ആരോഗ്യ ചികിത്സയ്ക്കായും ബാക്കി തുക ബോധവൽക്കരണത്തിനും പ്രതിരോധ പ്രവർത്തനങ്ങൾക്കുമായി അടുത്ത അഞ്ച് വർഷത്തിനുള്ളിൽ വിനിയോഗിക്കണം.
മാർച്ചിൽ നടന്ന ഒന്നാം ഘട്ട വിചാരണയിൽ ഉപഭോക്തൃ സംരക്ഷണ നിയമം ലംഘിച്ചതിന് 375 മില്യൺ ഡോളർ പിഴ ചുമത്തിയിരുന്നു. ഇതോടെ ഈ കേസിൽ മെറ്റ നൽകേണ്ട ആകെ തുക 942 മില്യൺ ഡോളറായി (ഏകദേശം 7,900 കോടി രൂപ) ഉയർന്നു.
അതേസമയം, കോടതി വിധിക്കെതിരെ അപ്പീൽ നൽകുമെന്ന് മെറ്റ അറിയിച്ചു. തങ്ങളുടെ പ്ലാറ്റ്‌ഫോമുകൾ സുരക്ഷിതമാണെന്നും വസ്തുതകൾ തെറ്റായി ചിത്രീകരിക്കുകയാണ് ചെയ്തതെന്നും മെറ്റ വ്യക്തമാക്കി.
vxvxv

