ധാക്ക വിമാനാപകടം; മരണം 27 ആയി


ഷീബ വിജയൻ

ധാക്ക I ബംഗ്ലാദേശ് യുദ്ധവിമാനം പരിശീലന പറക്കലിനിടെ സ്കൂളിന് മീതെ പതിച്ചുണ്ടായ അപകടത്തിൽ മരണം 27 ആയി. 171 പേർക്ക് പരിക്കേറ്റു. ചൈനീസ് നിർമിത എഫ്-7 വിമാനമാണ് തകർന്നു വീണത്. ധാക്കയുടെ വടക്കൻ മേഖലയിലുള്ള മൈൽസ്റ്റോൺ സ്‌കൂളിലേക്കാണ് വിമാനം പതിച്ചത്.

തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരു മണി കഴിഞ്ഞ് ടേക്ക് ഓഫിന് തൊട്ടുപിന്നാലെയാണ് വിമാനം തകർന്നുവീണത്. പതിവു പരിശീലനത്തിന്റെ ഭാഗമായി കുര്‍മിറ്റോലയിലെ ബംഗ്ലാദേശിന്റെ വ്യോമതാവളമായ ബീര്‍ ഉത്തം എകെ ബന്ദേക്കറില്‍നിന്ന് പറന്നുയര്‍ന്നതായിരുന്നു വിമാനം. നിമിഷങ്ങള്‍ക്കകം തകര്‍ന്നു വീഴുകയായിരുന്നു. കൊല്ലപ്പെട്ടവരിൽ ഭൂരിഭാഗവും വിദ്യാർത്ഥികളാണ്. രണ്ട് അധ്യാപകരും പൈലറ്റും മരിച്ചു. യന്ത്ര തകരാറാണ് വിമാനം തകരാൻ കാരണമെന്നാണ് പ്രാഥമിക റിപ്പോർട്ട്. അന്വേഷണത്തിന് പ്രത്യേക കമ്മിറ്റിയെ നിയമിച്ചു.

വലിയ പൊട്ടിത്തെറി ശബ്ദം കേട്ട് പുറത്തേക്ക് ഓടിയപ്പോൾ തീപിടിച്ച ശരീരവുമായി ഭയന്നോടുന്ന കുട്ടികളെയാണ് കണ്ടതെന്ന് ദൃക്സാക്ഷികൾ പറയുന്നു. തീ കെടുത്താൻ ശ്രമിക്കുമ്പോൾ ആളിപ്പടരുകയായിരുന്നു. കണ്‍മുന്നിൽ വിദ്യാർത്ഥികൾക്ക് പൊള്ളലേൽക്കുമ്പോൾ നിസ്സഹായരായി നിൽക്കേണ്ടി വന്നുവെന്ന് അധ്യാപകർ പറയുന്നു. വിമാനത്തിന് യന്ത്രത്തകരാറുണ്ടായതോടെ ജനവാസം കുറഞ്ഞ പ്രദേശത്ത് ലാൻഡിങിന് ശ്രമിക്കുമ്പോഴാണ് തകർന്നു വീണതെന്ന് ബംഗ്ലാദേശ് വ്യോമസേന ഇറക്കിയ കുറിപ്പിൽ പറയുന്നു.

article-image

aa

You might also like

  • Lulu Exchange
  • Straight Forward

Most Viewed