ഖമനേയിയുടെ പിൻഗാമിയെ തിരഞ്ഞെടുത്തതായി റിപ്പോർട്ടുകൾ; ഭീഷണിയുമായി ഇസ്രായേലും ട്രംപും
പ്രദീപ് പുറവങ്കര I ബഹ്റൈൻ
ടെഹ്‌റാൻ/വാഷിംഗ്ടൺ: ഫെബ്രുവരി 28-ന് അമേരിക്കയും ഇസ്രായേലും സംയുക്തമായി നടത്തിയ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിക്ക് പകരം പുതിയ നേതാവിനെ കണ്ടെത്തിയതായി റിപ്പോർട്ടുകൾ. പുതിയ നേതാവിനെ നിയമിക്കാനുള്ള ഭൂരിപക്ഷ ധാരണയായതായി ഇറാൻ അസംബ്ലി ഓഫ് എക്സ്പെർട്സ് അംഗം അഹമ്മദ് അലമുൽഹോദ സ്ഥിരീകരിച്ചു. തീരുമാനമായില്ല എന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ അസംബന്ധമാണെന്നും ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
അടുത്ത 24 മണിക്കൂറിനുള്ളിൽ പുതിയ നേതാവിനെ പ്രഖ്യാപിക്കാനുള്ള പ്രത്യേക യോഗം നഗരമായ ഖുമിൽ (Qom) നടക്കുമെന്ന് കൗൺസിൽ അംഗങ്ങൾ സൂചിപ്പിച്ചു. എന്നാൽ, ഔദ്യോഗിക പ്രഖ്യാപനത്തിന് മുന്നോടിയായി ചില സാങ്കേതിക തടസ്സങ്ങൾ ബാക്കിയുണ്ടെന്ന് മറ്റൊരു അംഗമായ മുഹമ്മദ് മെഹ്ദി മിർബഗേരി വെളിപ്പെടുത്തി. ഖമനേയിയുടെ മകൻ മോജ്തബ ഖമനേയി ഉൾപ്പെടെയുള്ള പേരുകൾ പരിഗണനയിലുണ്ടെന്നാണ് സൂചന.
അതേസമയം, പുതിയ നേതാവിനെ നിയമിക്കാനുള്ള നീക്കങ്ങൾക്കെതിരെ കടുത്ത ഭീഷണിയുമായി ഇസ്രായേൽ രംഗത്തെത്തി. പുതിയ നേതാവായി ആര് ചുമതലയേറ്റാലും അവരെ പിന്തുടർന്ന് വധിക്കുമെന്ന് ഇസ്രായേൽ സൈന്യം മുന്നറിയിപ്പ് നൽകി. ഖുമിൽ ചേരാനിരിക്കുന്ന അസംബ്ലി ഓഫ് എക്സ്പെർട്സ് യോഗത്തെയും ആക്രമിക്കുമെന്ന് ഇസ്രായേൽ സൈനിക വക്താവ് വ്യക്തമാക്കി. "ഞങ്ങളുടെ നീളൻ കൈകൾ ഇറാന്റെ പുതിയ നേതാവിനെയും അവരെ നിയമിക്കുന്നവരെയും തേടിയെത്തും" എന്നായിരുന്നു ഇസ്രായേലിന്റെ പ്രസ്താവന.
ഇറാൻ ഭരണകൂടത്തിലെ മുഴുവൻ നേതാക്കളെയും വധിക്കാൻ മടിക്കില്ലെന്ന സൂചനയാണ് അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് നൽകിയത്. മോജ്തബ ഖമനേയി പിൻഗാമിയാകുന്നതിനോട് അദ്ദേഹം വിയോജിപ്പ് പ്രകടിപ്പിച്ചു. അമേരിക്കയോട് ശത്രുത പുലർത്തുന്ന ആരും ഇറാന്റെ നേതൃത്വത്തിൽ വരരുതെന്ന് ട്രംപ് മുന്നറിയിപ്പ് നൽകി.
യുദ്ധത്തിന്റെ ആദ്യ ദിനമായ ഫെബ്രുവരി 28-ന് നടന്ന ആക്രമണത്തിൽ ഖമനേയിക്കൊപ്പം പ്രതിരോധ മന്ത്രി അസീസ് നസീർസാദെ, സായുധ സേനാ മേധാവി അബ്ദുൾറഹിം മൂസാവി എന്നിവരടക്കം ഇറാന്റെ ഉന്നത സൈനിക-രാഷ്ട്രീയ നേതൃത്വം ഒന്നടങ്കം കൊല്ലപ്പെട്ടിരുന്നു. തുടർന്ന് നിയമിക്കപ്പെട്ട പുതിയ പ്രതിരോധ മന്ത്രി മജീദ് ഇബ്നു റാസയും ദിവസങ്ങൾക്കുള്ളിൽ കൊല്ലപ്പെട്ടു.
xcassa


