കുട്ടികളുടെ കോവിഡ് വാക്‌സിനേഷൻ; ആക്ഷൻപ്ലാൻ രൂപീകരിച്ചു

തിരുവനന്തപുരം
കുട്ടികളുടെ കോവിഡ് വാക്‌സിനേഷന് ആക്ഷൻപ്ലാൻ രൂപീകരിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോർജ്. മന്ത്രിയുടെ നേതൃത്വത്തിൽ നടന്ന ഉന്നതതല യോഗത്തിലാണ് ആക്ഷൻ പ്ലാനിന് അന്തിമ രൂപം നൽകിയത്. കുട്ടികൾക്കും മുതിർന്നവർക്കുമുള്ള പ്രത്യേക വാക്‌സിനേഷൻ ടീമിനെ തയാറാക്കും. കുട്ടികൾക്കുള്ള വാക്‌സിനേഷനുള്ള രജിസ്‌ട്രേഷൻ ആരംഭിച്ചതായും മന്ത്രി അറിയിച്ചു. കുട്ടികൾക്കുള്ള വാക്‌സിനേഷൻ കുട്ടികളുടെ പ്രത്യേക വാക്‌സിനേഷൻ കേന്ദ്രങ്ങളിൽ കോവാക്‌സിന്‍ മാത്രമാകും നൽകുക. ജനുവരി 10 വരെ ബുധനാഴ്ച ഒഴികെ ഞായറാഴ്ച ഉൾപ്പെടെ എല്ലാ ദിവസവും ജനറൽ/ജില്ലാ/താലൂക്ക്/സിഎച്ച്‌സി എന്നിവിടങ്ങളിൽ കുട്ടികൾക്കുള്ള വാക്‌സിനേഷൻ ഉണ്ടായിരിക്കും. കുട്ടികളുടെ വാക്‌സിനേഷനായി പ്രത്യേക വാക്‌സിനേഷൻ കേന്ദ്രങ്ങൾ ഈ ആശുപത്രികളിലുണ്ടാകും. എല്ലാ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും കുടുംബാരോഗ്യ കേന്ദ്രങ്ങളിലും ബുധനാഴ്ചയൊഴികെ ഞായറാഴ്ച ഉൾപ്പെടെ നാല് ദിവസങ്ങളിൽ കുട്ടികളുടെ വാക്‌സിനേഷൻ കേന്ദ്രം പ്രവർത്തിക്കും.
കുട്ടികളുടെ വാക്‌സിനേഷൻ കേന്ദ്രങ്ങൾ പെട്ടെന്ന് തിരിച്ചറിയാനായി പിങ്ക് നിറത്തിലുള്ള ബോർഡ് പ്രദർശിപ്പിക്കും. ഈ ബോർഡുകൾ വാക്‌സിനേഷൻ കേന്ദ്രത്തിന്‍റെ പ്രവേശന കവാടം, രജിസ്‌ട്രേഷൻ സ്ഥലം, വാക്‌സിനേഷൻ സ്ഥലം എന്നിവിടങ്ങളിൽ പ്രദർശിപ്പിക്കും. കോവിൻ പോർട്ടലിൽ രജിസ്റ്റർ ചെയ്ത് വാക്‌സിനേഷനായി പോകുന്നതായിരിക്കും നല്ലത്. സ്വന്തമായി രജിസ്റ്റർ ചെയ്യാൻ കഴിയാത്ത കുട്ടികളെ വിദ്യാഭ്യാസ വകുപ്പ് സഹായിക്കാമെന്നറിയിച്ചിട്ടുണ്ട്. ഭാവിയിൽ ഉണ്ടായേക്കാവുന്ന ബുദ്ധിമുട്ടുകൾ ഒഴിവാക്കാന്‍ രജിസ്റ്റർ ചെയ്യുന്പോൾ കൃത്യമായ വിവരങ്ങൾ രേഖപ്പെടുത്തേണ്ടതാണ്. എന്തെങ്കിലും കാരണത്താൽ രജിസ്‌ട്രേഷൻ നടത്താൻ കഴിയാത്ത കുട്ടികൾക്ക് വാക്‌സിനേഷൻ കേന്ദ്രങ്ങളിൽ രജിസ്റ്റർ ചെയ്ത് വാക്‌സിൻ സ്വീകരിക്കാം. ഓരോ വിദ്യാഭ്യാസ സ്ഥാപനവും വാക്‌സിൻ എടുത്തവരുടേയും എടുക്കാത്തവരുടേയും എണ്ണം ജില്ലാ വിദ്യാഭ്യാസ ഓഫീസർക്ക് നൽകും. വാക്‌സിനേഷൻ കേന്ദ്രങ്ങളിൽ കോവിഡ് പ്രോട്ടോകോൾ കൃത്യമായി പാലിക്കണം. മുതിർന്നവരുടെ വാക്‌സിനേഷൻ ബുധനാഴ്ചയും ഞായറാഴ്ചയും ഒഴികെയുള്ള എല്ലാ ദിവസവും ജനറൽ/ജില്ലാ/താലൂക്ക്/സിഎച്ച്‌സി എന്നിവിടങ്ങളിൽ 18 വയസിന് മുകളിലുള്ളവർക്കായി പ്രത്യേക വാക്‌സിനേഷന്‍ കേന്ദ്രം ഉണ്ടായിരിക്കും.
എല്ലാ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും കുടുംബാരോഗ്യ കേന്ദ്രങ്ങളിലും തിങ്കൾ, വ്യാഴം ദിവസങ്ങളിൽ ഇവർക്കുള്ള വാക്‌സിനേഷൻ സെന്‍റർത്തിക്കും. മുതിർന്നവരുടെ വാക്‌സിനേഷൻ കേന്ദ്രം തിരിച്ചറിയാനായി നീല നിറത്തിലുള്ള ബോർഡായിരിക്കും സ്ഥാപിക്കുക. ഈ ബോർഡുകൾ വാക്‌സിനേഷൻ കേന്ദ്രത്തിന്‍റെ കവാടം, രജിസ്‌ട്രേഷൻ സ്ഥലം, വാക്‌സിനേഷൻ സ്ഥലം എന്നിവിടങ്ങളിൽ പ്രദർശിപ്പിക്കും.