കെട്ടിട നിർമ്മാണ കമ്പനിയുടെ വിശ്വാസ വഞ്ചന; ബ്രാൻഡ് അംബാസിഡറായ ഗൗരി ഖാനെതിരെ എഫ്ഐആർ

ഇന്റീരിയർ ഡിസൈനറും ഷാരൂഖ് ഖാന്റെ പങ്കാളിയുമായ ഗൗരി ഖാനെതിരെ കേസ്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 409 വകുപ്പ് പ്രകാരം വിശ്വാസ വഞ്ചനാകേസ് ആണ് കേസ് ചുമത്തിയിരിക്കുന്നത്. ഗൗരി ഖാൻ ബ്രാൻഡ് അംബാസിഡറായ തുൾസിയാനി എന്ന കെട്ടിട നിർമാണ കമ്പനിയുമായി ബന്ധപ്പെട്ട തർക്കങ്ങളാണ് കേസിനാധാരം. ജസ്വന്ത് ഷാ എന്നയാളാടെ പരാതിയിൽ ഉത്തർപ്രദേശിലെ ലഖ്നൗവിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
തുൾസിയാനിയുടെ ലഖ്നൗവിലെ ഗോൾഫ് സിറ്റി ഏരിയയിലെ ഫ്ളാറ്റ് വാങ്ങാനായി ജസ്വന്ത് ഷാ 86 ലക്ഷം രൂപ നൽകിയിരുന്നു. എന്നാൽ പണം വാങ്ങിയ ശേഷം കമ്പനി അധികൃതർ ഫ്ളാറ്റ് കൈമാറിയില്ലെന്നാണ് ഷായുടെ ആരോപണം. പകരം മറ്റാർക്കോ ഫ്ളാറ്റ് നൽകുകയായിരുന്നെന്നും അദ്ദേഹം പരാതിയിൽ പറയുന്നു. ഗൗരി ഖാന് പുറമേ തുൾസിയാനി കൺസ്ട്രക്ഷൻ ആൻഡ് ഡെവലപ്പ്മെന്റ് ലിമിറ്റഡ് ചീഫ് മാനേജിങ് ഡയറക്ടർ അനിൽ കുമാർ തുൾസിയാനി, കമ്പനി ഡയറക്ടർ മഹേഷ് തുൾസിയാനി എന്നിവർക്കെതിരെയും ജസ്വന്ത് ഷാ പരാതി നൽകിയിട്ടുണ്ട്. ഗൗരി ഖാൻ ബ്രാൻഡ് അംബാസിസഡറായതിനാലാണ് താൻ ഫ്ളാറ്റ് വാങ്ങാൻ പണം നൽകിയതെന്നും പരാതിക്കാരൻ പറയുന്നു.
durtu