പത്ത് വർഷം നീണ്ട കാത്തിരിപ്പ്; ധനുഷിന് തേനണ്ടൽ ഫിലിംസിന്റെ വക്കീൽ നോട്ടീസ്, 20 കോടി രൂപ നഷ്ടപരിഹാരം വേണമെന്ന് ആവശ്യം
ശാരിക l സിനിമ
2016ൽ ഒപ്പിട്ട സിനിമ വൈകിപ്പിച്ചുവെന്നാരോപിച്ച് പ്രശസ്ത നടനും സംവിധായകനുമായ ധനുഷിനെതിരെ തേനണ്ടൽ ഫിലിംസ് വക്കീൽ നോട്ടീസ് അയച്ചു. പത്ത് വർഷം മുൻപ് തുടങ്ങിവെച്ച പ്രോജക്റ്റ് പൂർത്തിയാക്കാത്തതിലൂടെ ഉണ്ടായ നഷ്ടം കണക്കിലെടുത്ത് 20 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് ചെന്നൈ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന നിർമ്മാണ കമ്പനി നോട്ടീസ് അയച്ചിരിക്കുന്നത്.
2016-ൽ ‘നാൻ രുദ്രൻ’ എന്ന ചിത്രത്തിനായി ധനുഷ് കരാറിൽ ഒപ്പുവെച്ചിരുന്നുവെന്നും എന്നാൽ പിന്നീട് ആ പദ്ധതിയിൽ നിന്ന് അദ്ദേഹം പിന്മാറുകയായിരുന്നുവെന്നും നിർമ്മാണ കമ്പനി അവകാശപ്പെടുന്നു. പകരം അവരുടെ നിർമ്മാണത്തിൽ മറ്റൊരു ചിത്രം സംവിധാനം ചെയ്ത് അഭിനയിക്കാമെന്ന് ധനുഷ് വാഗ്ദാനം നൽകിയിരുന്നതായും നോട്ടീസിൽ പറയുന്നു. മുൻകൂർ പേയ്‌മെന്റുകളും പ്രീ-പ്രൊഡക്ഷൻ ചെലവുകളുമായി ഏകദേശം 20 കോടി രൂപ തങ്ങൾ ഈ പദ്ധതിയിൽ നിക്ഷേപിച്ചതായാണ് പ്രൊഡക്ഷൻ ഹൗസ് വ്യക്തമാക്കുന്നത്. പ്രോജക്റ്റിന്റെ ഭാഗമാകുമെന്ന് പ്രതീക്ഷിച്ചിരുന്ന നാഗാർജുന, എസ്.ജെ. സൂര്യ തുടങ്ങിയ മുൻനിര അഭിനേതാക്കളുടെ പേയ്‌മെന്റുകളും ഈ തുകയിൽ ഉൾപ്പെടുന്നുണ്ട്.
എന്നാൽ ഒരു പതിറ്റാണ്ട് പിന്നിട്ടിട്ടും പൂർണ്ണമായ ഒരു തിരക്കഥ നൽകാൻ കഴിയാത്തതിനെ തുടർന്ന് ധനുഷ് പദ്ധതി പാതിവഴിയിൽ ഉപേക്ഷിച്ചതായാണ് പ്രൊഡക്ഷൻ ഹൗസിന്റെ പ്രധാന ആരോപണം. അതേസമയം, ഈ ആരോപണങ്ങളോടും വക്കീൽ നോട്ടീസിനോടും പ്രതികരിക്കാൻ ധനുഷ് ഇതുവരെ തയ്യാറായിട്ടില്ല. നിലവിൽ 'ഡി55' എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന തന്റെ പുതിയ ചിത്രത്തിന്റെ പണിപ്പുരയിലാണ് അദ്ദേഹം.
dgfgdfg


