68ആം പിറന്നാൾ ദിനത്തിൽ പുതിയ ചിത്രം പ്രഖ്യാപിച്ച് കമലഹാസൻ

ഉലകനായകൻ കമൽഹാസന് ഇന്ന് 68ാം പിറന്നാൾ. ഈ ദിനത്തിൽ ആരാധകരെ ആവേശത്തിലാക്കിക്കൊണ്ട് പുതിയ സിനിമയുടെ പ്രഖ്യാപനം എത്തിയിരിക്കുകയാണ്. 35 വർഷത്തിനു ശേഷം മണിരത്‌നവുമായി ഒന്നിക്കാനൊരുങ്ങുകയാണ് ഉലകനായകൻ. സോഷ്യൽ മീഡിയയിലൂടെ കമൽ ഹാസൻ തന്നെയാണ് ചിത്രം പ്രഖ്യാപിച്ചത്. കമൽഹാസന്റെ 234ആം ചിത്രമാണ്. പിറന്നാൾ ദിനത്തിൽ പുറത്ത് വിട്ട ഈ വാർത്ത കേട്ട് ആവേശത്തിലാണ് ആരാധകർ.
‘കെഎച്ച് 234’ എന്ന് താൽക്കാലികമായി പേര് നൽകിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് ടീസറാണ് പുറത്തുവന്നത്. എആർ റഹ്മാനാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. മൂവരും ആദ്യമായി ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. രാജ് കമൽ ഫിലിംസിന്റെയും മദ്രാസ് ടാക്കീസിന്റെയും ബാനറിൽ കമൽ ഹാസന്‍, മണിരത്നം, ആർ. മഹേന്ദ്രന്‍, ശിവ ആനന്ദ് എന്നിവരാണ് ചിത്രം നിർമിക്കുന്നത്. ഉദയനിധി സ്റ്റാലിന്റെ റെഡ് ജയന്റ് ഫിലിംസായിരിക്കും ചിത്രം അവതരിപ്പിക്കുക. ചിത്രത്തെക്കുറിച്ച് മറ്റ് വിവരങ്ങൾ പുറത്തുവന്നിട്ടില്ല. 2024ലാകും ചിത്രം തിയറ്ററിൽ എത്തുക.
35 വർഷം മുന്‍പ് മണി രത്‌നത്തിനൊപ്പം പ്രവർത്തിക്കുമ്പോൾ ഉണ്ടായ അതേ ആവേശം തന്നെയാണ് തനിക്ക് ഇപ്പോഴും ഉള്ളത് എന്നാണ് പ്രസ്താവനയിലൂടെ കമൽഹാസൻ പറഞ്ഞത്. റഹ്മാനൊപ്പം ഒന്നിക്കുന്നതിലും ഇതേ ആവേശമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കമൽ സാറിനൊപ്പം വീണ്ടും പ്രവർത്തിക്കാനായതിൽ സന്തോഷവും അഭിമാനവുമുണ്ടെന്നാണ് മണിരത്‌നം പറഞ്ഞത്. 1987ൽ പുറത്തിറങ്ങിയ നായകനിലാണ് കമൽഹാസനും മണിരത്‌നവും ഒന്നിച്ചത്. ചിത്രം വൻ വിജയമായിരുന്നു. അധോലോക നായകൻ വരദരാജ മുദലിയാരുടെ ജീവിതമാണ് ചിത്രം പറഞ്ഞത്.
gjgvj