വാടക ഗർഭധാരണം; നയൻതാരയ്ക്കും വിഘ്നേഷ് ശിവനും എതിരെ അന്വേഷണം

നയൻതാരയ്ക്കും വിഘ്നേഷ് ശിവനും വാടക ഗർഭധാരണത്തിലൂടെ ഇരട്ടക്കുട്ടികൾ പിറന്ന വാർത്ത സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. വിഘ്നേഷ് ശിവൻ തന്നെയായിരുന്നു സോഷ്യൽ മീഡിയയിലൂടെ ഇക്കാര്യം ആരാധകരുമായി പങ്കുവെച്ചത്. എന്നാലിപ്പോൾ കുഞ്ഞിന്റെ ജനനവുമായി ബന്ധപ്പെട്ട് തമിഴ്നാട് ആരോഗ്യവകുപ്പ് അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നുവെന്ന വാർത്തകളാണ് പുറത്തുവരുന്നത്. ഇന്ത്യയിൽ നിലവിലുള്ള നിയമം മറികടന്നാണോ വാടക ഗർഭധാരണം നടത്തിയതെന്ന കാര്യമാണ് അന്വേഷിക്കുന്നത്.
വാടക ഗർഭധാരണം നടത്തണമെങ്കിൽ വിവാഹം കഴിഞ്ഞ് 5 വർഷത്തിനു ശേഷവും കുട്ടികൾ ഇല്ലായിരിക്കണമെന്നാണ് ചട്ടം. ഏഴുവർഷത്തെ പ്രണയത്തിന് ശേഷം ജൂൺ ഒമ്പതിന് മഹാബലിപുരത്തെ ഷെറാട്ടൺ ഗ്രാൻഡ് റിസോർട്ടിൽ വച്ചായിരുന്നു നയൻതാരയുടെയും വിഘ്നേഷിന്റെയും വിവാഹം. ഇരുവരും കുട്ടികളുടെ പാദങ്ങളിൽ ചുംബിക്കുന്ന മനോഹരമായ ചിത്രത്തിനൊപ്പം നയനും ഞാനും അച്ഛനും അമ്മയും ആയെന്നും ഞങ്ങൾക്ക് ഇരട്ടക്കുട്ടികൾ പിറന്നുവെന്നും വിഘ്നേഷ് സോഷ്യൽ മീഡിയയിൽ കുറിച്ചിരുന്നു.
21നും 36നും മദ്ധ്യേ പ്രായമുള്ള വിവാഹം കഴിച്ച സ്ത്രീയ്ക്ക് ഭർത്താവിന്റെ സമ്മതത്തോടെയേ അണ്ഡം ദാനം ചെയ്യാൻ കഴിയൂ എന്നാണ് നിയമം. വിവാഹം കഴിഞ്ഞ് വെറും 4 മാസത്തിനുള്ളിൽ വാടക ഗർഭധാരണം എങ്ങനെ സാധ്യമാകും എന്നാണ് അന്വേഷിക്കുന്നത്. നിയമലംഘനം നടന്നോയെന്ന് പരിശോധിക്കുമെന്നും നയൻതാരയോട് തമിഴ്നാട് മെഡിക്കൽ കോളേജ് ഡയറക്ടറേറ്റ് വിശദീകരണം ആവശ്യപ്പെടുമെന്നും ആരോഗ്യമന്ത്രി എം. സുബ്രഹ്മണ്യൻ വ്യക്തമാക്കി.
cgujfg