രണ്ട് വർഷത്തിന് ശേഷം റഫ അതിർത്തി ഇന്ന് തുറക്കും
ഷീബ വിജയൻ
ഗാസ: രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഗാസയ്ക്കും ഈജിപ്തിനും ഇടയിലുള്ള റഫ അതിർത്തി ഇന്ന് പ്രവർത്തനമാരംഭിക്കും. 2024 ഏപ്രിലിൽ അടച്ച അതിർത്തി അന്താരാഷ്ട്ര സമ്മർദങ്ങളെത്തുടർന്നാണ് ഇപ്പോൾ താൽക്കാലികമായി തുറന്നുകൊടുക്കുന്നത്. ഇതുവഴി ആംബുലൻസുകൾക്കും ഭക്ഷ്യവസ്തുക്കൾ വഹിച്ചുകൊണ്ടുള്ള ട്രക്കുകൾക്കും ഇരുവശത്തേക്കും സഞ്ചരിക്കാൻ അനുവാദമുണ്ടാകും. ഇസ്രയേൽ സേനയുടെ അറിയിപ്പ് പ്രകാരം പ്രാഥമിക നടപടികൾ പൂർത്തിയാക്കി ഇന്ന് മുതൽ വാഹനങ്ങൾ കടത്തിവിട്ടു തുടങ്ങും.
ഈജിപ്ത് സുരക്ഷാ ഉദ്യോഗസ്ഥർക്കൊപ്പം യൂറോപ്യൻ യൂണിയൻ ദൗത്യസംഘവും പലസ്തീൻ ഉദ്യോഗസ്ഥരും ചേർന്നാണ് അതിർത്തിയിലെ പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നത്. ഗാസയിൽ അടിയന്തര ചികിത്സ കാത്ത് കഴിയുന്ന നാലായിരത്തഞ്ഞൂറോളം കുട്ടികൾ ഉൾപ്പെടെ ഇരുപതിനായിരത്തിൽപ്പരം രോഗികൾക്ക് ഈ തീരുമാനം വലിയ ആശ്വാസമാകും. ഗുരുതരാവസ്ഥയിലുള്ള രോഗികളുമായി ആംബുലൻസുകൾക്കും അവശ്യ സാധനങ്ങളുമായി ട്രക്കുകൾക്കും തടസ്സമില്ലാതെ കടന്നുപോകാൻ സാധിക്കുമെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.
adsdsfdsf


