അർച്ചന കവിയുടെ പരാതി; പോലീസ് ഉദ്യോഗസ്ഥനെതിരേ വകുപ്പുതല നടപടിയെടുക്കും


നടി അർച്ചന കവിയോടു മോശമായി പെരുമാറിയ പോലീസ് ഉദ്യോഗസ്ഥനെതിരേ വകുപ്പുതല നടപടിയെടുക്കുമെന്ന് സിറ്റി പോലീസ് കമ്മീഷണർ സി.എച്ച്. നാഗരാജു. വിശദമായ അന്വേഷണത്തിൽ ഇൻസ്പെക്ടർ വി.എസ്. ബിജുവിന്‍റെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടതായി കണ്ടെത്തിയെന്നും ഇതിന്‍റെ അടിസ്ഥാനത്തിലാണ് നടപടിയെന്നും സിറ്റി പോലീസ് കമ്മീഷണർ പറഞ്ഞു. സംഭവത്തെക്കുറിച്ച് ആഭ്യന്തര അന്വേഷണം നടത്തി മട്ടാഞ്ചേരി അസിസ്റ്റന്‍റ് കമ്മീഷണർ ചൊവ്വാഴ്ച സിറ്റി പോലീസ് കമ്മീഷണർക്ക് റിപ്പോർട്ട് നൽകിയിരുന്നു. ഞായറാഴ്ച രാത്രി പത്തരയ്ക്കുശേഷം കൊച്ചി രവിപുരത്തുനിന്ന്  ഓട്ടോയിൽ ഫോർട്ടുകൊച്ചിയിലേക്ക് പോകുന്നതിനിടെയാണ് നടി അർച്ചന കവിക്കും സുഹൃത്തുക്കൾക്കും പോലീസിൽനിന്ന് ദുരനുഭവമുണ്ടായത്. നടി സമൂഹമാധ്യമങ്ങളിലൂടെയാണ് വിവരം പങ്കുവച്ചത്. നടി പരാതി നൽകിയില്ലെങ്കിലും പോലീസുകാരൻ മോശമായി പെരുമാറിയെന്ന ആരോപണത്തിലാണ് ആഭ്യന്തര അന്വേഷണം നടത്തിയത്.  ഈ സമയത്ത് യാത്ര ചെയ്യുന്നത് തെറ്റാണോ എന്ന തലക്കെട്ടോടെ കേരള പോലീസ്, ഫോർട്ടുകൊച്ചി എന്നീ ഹാഷ് ടാഗുകൾക്കൊപ്പമാണ് നടി കുറിപ്പ് പങ്കുവച്ചത്. 

 ജെസ്നയും ഞാനും അവളുടെ കുടുംബവും മിലാനോയിൽനിന്ന് തിരിച്ചുവരികയായിരുന്നു. ചില പോലീസ് ഉദ്യോഗസ്ഥർ ഞങ്ങളെ നിർത്തി ചോദ്യംചെയ്തു. ഓട്ടോയിൽ യാത്ര ചെയ്തിരുന്ന ഞങ്ങളെല്ലാം സ്ത്രീകളായിരുന്നു. അവർ പരുക്കൻ ഭാഷയിലാണ് പെരുമാറിയത്. ഞങ്ങൾക്കത് ഒട്ടും സുരക്ഷിതമായി തോന്നിയില്ല. വീട്ടിൽ പോവുകയാണെന്ന് പറഞ്ഞപ്പോൾ, എന്തിനാണ് വീട്ടിൽ പോകുന്നത് എന്നാണ് അവർ ചോദിച്ചത്. ചോദ്യം ചെയ്യുന്നതിൽ എനിക്ക് പ്രശ്നമൊന്നുമില്ല. എന്നാൽ, അതിന് ഒരു രീതിയുണ്ട്. ഇത് വളരെ അധികം അസ്വസ്ഥതപ്പെടുത്തുന്നതാണെന്നും കുറിപ്പിൽ വ്യക്തമാക്കിയിരുന്നു. ഇത് വൈറലായതിന് പിന്നാലെ പോലീസിനെതിരേ രൂക്ഷവിമർശനം ഉയർന്നിരുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed