ആരാധകരെ വഴി തെറ്റിക്കും; കോടികളുടെ പുകയില കമ്പനിയുടെ പരസ്യത്തിൽ നിന്ന് പിന്മാറി അല്ലു അർജ്ജുൻ
കോടികൾ പ്രതിഫലം വാഗ്ദാനം ചെയ്തിട്ടും പ്രമുഖ പുകയില കമ്പനിയുടെ പരസ്യത്തിൽ തെലുങ്ക് താരം അല്ലു അർജുന്‍ പിന്‍മാറി. പരസ്യം തെറ്റിദ്ധാരണ പരത്തുമെന്നും ആരാധകരെ വഴിതെറ്റിക്കുമെന്നും പറഞ്ഞാണ് അല്ലു കോടികളുടെ പരസ്യം വേണ്ടെന്നു വച്ചത്. താൻ വ്യക്തിപരമായി പുകയില ഉൽപന്നങ്ങൾ ഉപയോഗിക്കാറില്ലെന്നും ആരോഗ്യത്തിന് ഹാനികരവും ആസക്തിയിലേക്കും നയിച്ചേക്കാവുന്ന ഇവയുടെ പരസ്യം കണ്ട് ആരാധകർ ഉൽപന്നം കഴിക്കാൻ തുടങ്ങണമെന്ന് നടന്‍ ആഗ്രഹിക്കുന്നില്ലെന്നും അടുത്ത വൃത്തങ്ങൾ പറയുന്നു.
അല്ലുവിന്‍റെ തീരുമാനം മറ്റു താരങ്ങൾക്കും ആരാധകർക്കും നല്ലൊരു മാതൃകയാണ് സൃഷ്ടിച്ചിരിക്കുന്നതെന്നാണ് സോഷ്യൽമീഡിയയുടെ അഭിപ്രായം. പരിസ്ഥിതി സൗഹൃദ ശീലങ്ങൾ പിന്തുടരുന്ന ആളാണ് താരം. കൂടാതെ മരങ്ങൾ നട്ടുപിടിപ്പിക്കൽ പോലുള്ള കാര്യങ്ങളും ചെയ്യാറുണ്ട്.പുഷ്പയാണ് അല്ലുവിന്‍റെതായി ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. ഒരിടവേളക്ക് ശേഷം തുറന്ന തിയറ്ററുകൾ പൂരപ്പറമ്പാക്കിക്കൊണ്ടായിരുന്നു പുഷ്പയുടെ വരവ്. ഈയിടെയാണ് അല്ലു തന്‍റെ 40ാം ജന്‍മദിനം സെർബിയയിൽ ആഘോഷിച്ചത്. പിറന്നാളാഘോഷത്തിന്‍റെ ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ വൈറലായിരുന്നു. വേണു ശ്രീറാം,കൊരട്ടാല ശിവ, എ.ആർ മുരുഗദോസ്, പ്രശാന്ത് നീൽ, ബോയപതി ശ്രീനു എന്നീ സംവിധായകരുടെ ചിത്രങ്ങളാണ് അല്ലുവിന്‍റെ പുതിയ പ്രോജക്ടുകൾ.
