അന്വേഷണം വേഗത്തിലാക്കാൻ ക്രൈംബ്രാഞ്ച്: കാവ്യാ മാധവനെ ഉടൻ ചോദ്യം ചെയ്യും
നടൻ ദിലീപ് ഉൾപ്പെട്ട വധശ്രമ ഗൂഢാലോചന കേസിൽ അന്വേഷണം ഊർജ്ജിതമാക്കി ക്രൈംബ്രാഞ്ച്. എല്ലാ ഓഡിയോ ക്ലിപ്പുകളും പരിശോധിച്ച് തെളിവ് കണ്ടെത്തുന്നതിനാണ് പ്രഥമ പരിഗണന. ഇതിന്റെ ഭാഗമായി കാവ്യാ മാധവൻ ഉൾപ്പെടെ ഉള്ളവരെ ചോദ്യം ചെയ്യും. നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടന്നെന്ന കേസിന്റെ എഫ്‌ഐആർ റദ്ദാക്കാനാകില്ലെന്ന് അന്വേഷണം തുടരാമെന്നും ഹൈക്കോടതി ഇന്നലെ ഉത്തരവിട്ടിരുന്നു. ഇതോടെ പരമാവധി വേഗത്തിൽ അന്വേഷണം പൂർത്തിയാക്കാനാണ് ഉദ്യോഗസ്ഥർ ലക്ഷ്യമിടുന്നത്.
സാക്ഷികളെക്കാൾ ഡിജിറ്റൽ തെളിവുകൾ കൂടുതലായുള്ള കേസിൽ ആറായിരത്തോളം ശബ്ദരേഖകളുടെ പരിശോധന പൂർത്തിയാക്കേണ്ടതുണ്ട്. അഞ്ച് അംഗ ക്രൈംബ്രാഞ്ച് സംഘത്തെയാണ് ഇതിനായി ചുമതലപ്പെടുത്തിയിരിക്കുന്നത്. ഇത് പൂർത്തിയാകുന്നതോടെ കൂടുതൽ തെളിവുകൾ ലഭിക്കുമെന്നാണ് അന്വേഷണ സംഘം പ്രതീക്ഷിക്കുന്നത്. ഒപ്പം പങ്കാളിത്തം സംശയിക്കുന്ന പലരെയും ഇനിയുള്ള ദിവസം ചോദ്യം ചെയ്യാനും കഴിയും.
അതേസമയം തുടരന്വേഷണത്തിന്റെ ഭാഗമായി കാവ്യ മാധവന് വീണ്ടും നോട്ടീസ് അയക്കാനും തീരുമാനിച്ചിട്ടുണ്ട്. വീടിന് പുറത്ത് മറ്റെവിടെയെങ്കിലും ചോദ്യം ചെയ്യലിന് ഹാജരാകാനായിരിക്കും ആവശ്യപ്പെടുന്നത്. കാവ്യ സാക്ഷിയായി തുടരുമോ അതോ പ്രതിയാകുമോ എന്നതിലും വ്യക്തത വന്നിട്ടില്ല. സൈബർ വിദഗ്ധനായ സായ് ശങ്കറിനേയും വീണ്ടും ചോദ്യം ചെയ്യും. ദൃശ്യങ്ങൾ ചോർന്നെന്ന പരാതിയിൽ പ്രിന്‍സിപ്പൽ സെഷൻസ് കോടതിയിലെ ശിരസ്തദാറിനേയും തൊണ്ടിമുതൽ ക്ലാർക്കിനെയും ഉടൻ ചോദ്യം ചെയ്യും.
