ആംവെ ഇന്ത്യയുടെ 757.77 കോടി രൂപയുടെ ആസ്തികൾ എൻഫോഴ്സ് മെന്‍റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി
മൾട്ടിലെവൽ മാർക്കറ്റിംഗ് സ്ഥാപനമായ ആംവെ ഇന്ത്യയുടെ 757.77 കോടി രൂപയുടെ ആസ്തികൾ എൻഫോഴ്സ് മെന്‍റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ടാണ് സ്വത്തുക്കൾ കണ്ടുകെട്ടിയത്. മൾട്ടിലെവൽ മാർക്കറ്റിംഗിന്റെ പേരിൽ തട്ടിപ്പ് നടത്തിയെന്നാണ് ഇഡി ആരോപിക്കുന്നത്. പൊതുവിപണിയിൽ ലഭ്യമായ ഇതര ജനപ്രിയ ഉത്പന്നങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഉത്പന്നങ്ങൾക്ക് അമിത വിലയാണ് ആംവെ ഈടാക്കുന്നതെന്നും ഇഡി വ്യക്തമാക്കി. വസ്തുതകൾ അറിയാത്ത പൊതുജനങ്ങളെ പറ്റിച്ച് കന്പനിയിൽ അംഗങ്ങളായി ചേർത്ത് അമിത വിലയ്ക്ക് ഉത്പന്നങ്ങൾ വാങ്ങിക്കാൻ നിർബന്ധിക്കുന്നു. ഉത്പന്നങ്ങൾ വാങ്ങുന്നത് ഉപയോഗിക്കാനല്ലെന്നും ശൃംഖലയിലെ മറ്റ് അംഗങ്ങൾക്ക് സമ്പന്നരാകാനുമാണെന്നും ഇഡി ആരോപിക്കുന്നു. സന്പന്നരും മധ്യവർത്തികളുമായ ആയിരക്കണക്കിനു മലയാളികൾ നിരവധി വർഷങ്ങളായി ആംവേയിൽ അംഗങ്ങളായി ചേർന്നിട്ടുണ്ട്.
ചങ്ങലയിലെ മുകൾത്തട്ടിലുള്ള അംഗങ്ങൾക്കു വൻതുക കമ്മീഷൻ നൽകുന്നു. ഇതിനായാണു ഉത്പന്നങ്ങൾക്ക് അമിതവില ഈടാക്കുന്നത്. ആംവേയിൽ അംഗമാകുന്നതിലൂടെ എങ്ങിനെ സന്പന്നരാകാമെന്നാണ് കന്പനിയുടെ പ്രചാരണങ്ങളുടെ പ്രധാന ശ്രദ്ധ. സമാനമായ മറ്റു ചില എംഎൽഎം പിരമിഡ് തട്ടിപ്പു കന്പനികളെക്കുറിച്ചും കേന്ദ്ര ഏജൻസി അന്വേഷണത്തിനു തയാറെടുക്കുന്നുണ്ട്. തമിഴ്നാട്ടിലെ ഡിണ്ടിഗലിലുള്ള ആംവെയുടെ ഭൂമിയും ഫാക്ടറിയും പ്ലാന്‍റും യന്ത്ര സാമഗ്രികളും വാഹനങ്ങളും കണ്ടുകെട്ടിയതിൽ ഉൾപ്പെടുന്നു. ബാങ്ക് അക്കൗണ്ടുകളും സ്ഥിര നക്ഷേപങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. ഇഡിയുടെ ആരോ പണങ്ങളോട് ആംവേ ഇന്ത്യ പ്രതി കരിച്ചിട്ടില്ല. കമ്പനിയുടെ 411.83 കോടി വിലമതിക്കുന്ന ആസ്തികളും 36 അക്കൗണ്ടുകളിൽ നിന്നായി 345.94 കോടി രൂപയും കേന്ദ്ര അന്വേഷണ ഏജന്‍സി നേരത്തെ തന്നെ താത്കാലികമായി കണ്ടുകെട്ടിയിരുന്നു
