രാധേശ്യാമിന് മോശം പ്രതികരണം; പ്രഭാസ് ആരാധകൻ ആത്മഹത്യ ചെയ്തു
പ്രഭാസ് ചിത്രം രാധേശ്യാമിന് ലഭിക്കുന്ന മോശം പ്രതികരണങ്ങളിൽ മനംനൊന്ത് ആരാധകൻ ആത്മബഹത്യ ചെയ്തു. മാധ്യമങ്ങളിൽ വന്ന നെഗറ്റീവ് നിരൂപണങ്ങളിലും റിപ്പോർട്ടുകളിലും മനംനൊന്താണ് ആരാധകൻ തൂങ്ങി മരിച്ചതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ഇരുപത്തിനാലുകാരനായ രവി തേജയാണ് ആത്മഹത്യ ചെയ്തത്. ആന്ധ്രാപ്രദേശിലെ കുർണൂൽ ജില്ലയിലെ തിലക് നഗറിലാണ് സംഭവം. സിനിമ പ്രതീക്ഷകൾക്കൊത്ത് ഉയരാത്തതിന്റെ നിരാശയിലാണ് രവി വീട്ടിലെത്തിയതെന്നും സിനിമ മോശമാണെന്ന് അമ്മയോട് പറഞ്ഞിരുന്നതായും റിപ്പോർട്ടുകളുണ്ട്.
വിക്രമാദിത്യ എന്ന ഹസ്തരേഖ വിദഗ്ദനായാണ് പ്രഭാസ് രാധേശ്യാമിൽ വേഷമിട്ടത്. താരത്തിന്റെ സ്റ്റൈലിഷ് ലുക്കും മറ്റും സിനിമയ്ക്ക് മുന്നേ ചർച്ചയായിരുന്നു. ബാഹുബലിക്ക് ശേഷം റിലീസ് ചെയ്ത സാഹോ പരാജയപ്പെട്ടതിനെ തുടർന്ന് പ്രതീക്ഷയോടെയാണ് പ്രേക്ഷകർ രാധേശ്യാമിനായി കാത്തിരുന്നത്.
രാധാകൃഷ്ണ കുമാർ സംവിധാനം ചെയ്ത രാധേശ്യാമിൽ പ്രേരണ എന്ന നായിക കഥാപാത്രമായി എത്തിയത് പൂജ ഹെഗ്‌ഡെ ആണ്. മാർച്ച് 11ന് തിയറ്ററുകളിൽ എത്തിയ ചിത്രത്തിന് സമ്മിശ്ര പ്രതികരണമായിരുന്നു പ്രേക്ഷകരിൽ നിന്നും ലഭിച്ചത്.
ശക്തമായ തിരക്കഥയുെട അഭാവമാണ് ചിത്രത്തിന് വിനയായത് എന്നായിരുന്നു പ്രേക്ഷകരുടെ പ്രതികരണം. റൊമാന്റിക് ചിത്രമായി എത്തിയ രാധേശ്യാം ഏകദേശം 350 കോടി ബജറ്റിൽ ആണ് നിർമ്മിച്ചത്. ഭൂഷൻ കുമാർ, വാംസി, പ്രമോദ് എന്നിവരാണ് ചിത്രം നിർമ്മിച്ചത്.

