ടെലിഗ്രാം മലയാള സിനിമ മേഖലയ്ക്കു ഭീഷണി: ബാൻ ചെയ്യണമെന്നു ആവശ്യം
തിരുവനന്തപുരം: മലയാള സിനിമ മേഖലയ്ക്കു ഭീഷണിയായി മാറിയിരിക്കുന്ന ടെലിഗ്രാം ആപ്പ് ബാൻ ചെയ്യണമെന്നു സംവിധായകനും നടനുമായ ബേസിൽ ജോസഫും സജിദ് യഹിയയും. ഫയൽ ഷെയറിംഗ് ആപ്പായതിനാൽ പല ആവശ്യങ്ങളും ടെലിഗ്രാമിലൂടെ നടക്കുന്നുണ്ടെങ്കിലും ഈ ആപ്പ് ശരിക്കും ആപ്പിലാക്കിയിരിക്കുന്നത് സിനിമ മേഖലയെയാണെന്ന് ബേസിൽ ജോസഫ് ഒരു പ്രമുഖ വാർത്താ മാധ്യമത്തിന് നൽകിയ ഇന്റർവ്യൂവിൽ പറയുന്നു. ടെലിഗ്രാം ഒരു ആപ്പെന്ന നിലയിൽ നിരോധിക്കാൻ പറ്റില്ലായിരിക്കാം പക്ഷേ, അതിലെ ഗ്രൂപ്പുകളിലേക്കു തിയറ്റർ റിലീസായ ചിത്രങ്ങളും ഒടിടി ചിത്രങ്ങളും എത്തുന്നതു തടയാനുള്ള നിയമ സംവിധാനം വരേണ്ടതുണ്ട്. അത് എന്തുകൊണ്ട് വരുന്നില്ലായെന്നോർത്ത് ആശങ്കയുണ്ടെന്നും ബേസിൽ പറഞ്ഞു. സിനിമ മേഖലയിലുള്ളവർ ഇതിനെതിരെ എത്ര തന്നെ ജാഗ്രത പുലർത്തിയാലും പുത്തൻ ചിത്രങ്ങൾ ടെലിഗ്രാമിൽ വരുന്നുണ്ടെന്നു സംവിധായകൻ സാജിദ് യഹിയ പറഞ്ഞു. തിയറ്ററിലും ഒടിടിയിലുമായി ഇറങ്ങുന്ന ചിത്രങ്ങൾ ടെലിഗ്രാമിലെ വിവിധ ഗ്രൂപ്പുകളിൽ വരുന്നതു സർവ സാധാരണമായി മാറിയിരിക്കുകയാണ്. ടെലിഗ്രാമിലുള്ള ഒരു ഗ്രൂപ്പിൽ സിനിമ എത്തി അതു ബ്ലോക്ക് ചെയ്യുന്ന സമയത്തിനുള്ളിൽ മറ്റ് ഗ്രൂപ്പുകളിലേക്കു പുതിയ ചിത്രത്തിന്‍റെ ലിങ്ക് എത്തുകയാണ് ചെയ്യുന്നത്. ഈ ആപ്പ് ബാൻ ചെയ്യുകയല്ലാതെ ഇത്തരക്കാരെ നിയന്ത്രിക്കാൻ വേറെ വഴിയില്ലെന്നും സാജിദ് പറഞ്ഞു. കോവിഡ് കാലത്ത് ഒടിടിയിൽ റിലീസാകുന്ന ഏതൊരും ചിത്രവും മണിക്കൂറുകളുടെ വ്യത്യാസത്തിൽ ടെലിഗ്രാമിൽ ചൂടോടെ എത്തുന്നതു പതിവായിരുന്നു. തിയറ്ററുകൾ തുറന്നതോടെ പുത്തൻ ചിത്രങ്ങളുടെ തീയറ്റർ പ്രിന്‍റും ടെലിഗ്രാമിൽ എത്താൻ തുടങ്ങി.
ദുൽഖർ ചിത്രം കുറുപ്പാണ് ആദ്യം ടെലിഗ്രാമിൽ എത്തിയതെങ്കിൽ ഒടുവിൽ എത്തിയതു കഴിഞ്ഞ ആഴ്ച റിലീസ് ചെയ്ത സുമേഷ് ആൻഡ് രമേഷാണ്. മോഹൻലാൽ ചിത്രം മരയ്ക്കാർ അറബികടലിന്‍റെ സിംഹം റിലീസായി അടുത്ത ദിവസം തന്നെ ചിത്രത്തിന്‍റെ വ്യാജൻ പുറത്തിറങ്ങിയിരുന്നു. സുരേഷ് ഗോപിയുടെ കാവലും ടെലിഗ്രാമിൽ പ്രത്യക്ഷപ്പെട്ടു. കുഞ്ചാക്കോ ബോബൻ നായകനായി എത്തിയ ഭീമന്‍റെ വഴി എന്ന ചിത്രവും ടെലിഗ്രാമിൽ ലഭ്യമാക്കിയിട്ടുണ്ട്. മരയ്ക്കാറിന്‍റെ വ്യാജ പ്രിന്‍റ് പ്രചരിപ്പിച്ചവർക്കെതിരെ നടപടിയെടുത്തു സിനിമക്കാരുടെ കണ്ണിൽ പൊടിയിട്ടതൊഴിച്ചാൽ വ്യാജന്മാർക്കു കടിഞ്ഞാണിടാനുള്ള വഴികളൊന്നും അധികൃതർ സ്വീകരിച്ചിട്ടില്ല. വന്പൻ ചിത്രങ്ങൾക്ക് ഇടയിലും തീയറ്ററിൽ കൈയടി നേടിയോടുന്ന ബേസിൽ ജോസഫ് നായകനായി എത്തിയ ജാൻ എ മൻ ആണ് ഇപ്പോൾ ടെലിഗ്രാമിൽ എത്തിയിരിക്കുന്ന പുത്തൻ ചിത്രം. ഒരുമാസത്തോളം ചിത്രം വ്യാജന്മാരുടെ പിടിയിൽനിന്നു രക്ഷപ്പെട്ടെങ്കിലും ഒടുവിൽ അവരും ടെലിഗ്രാമിൽ അകപ്പെട്ടിരിക്കുകയാണ്.
