ഉത്തര കൊറിയയിൽ 10 ദിവസത്തേക്ക് ചിരിക്കുന്നതിന് വിലക്ക്
പ്യോഗ്യാങ്: ഉത്തരകൊറിയയുടെ മുൻപരമോന്നത നേതാവ് കിം ജോംഗ് ഇല്ലിന്‍റെ ചരമവാർഷകത്തോട് അനുബന്ധിച്ച് പൗരന്മാർക്ക് 10 ദിവസത്തേക്ക് ചിരിക്കുന്നതിന് വിലക്ക്. ഡിസംബർ 17 വ്യാഴാഴ്ചയാണ് കിം ജോംഗ് ഇല്ലിന്‍റെ 10−ാം ചരമവാർഷികം. വിലക്ക് ലംഘിക്കുന്നവർ ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരും. പൗരന്മാർക്ക് വേറെയും വിലക്കുകളുണ്ട്. മദ്യപിക്കുന്നതിനും, സാധനങ്ങൾ വാങ്ങുന്നതിനും ഒഴിവുസമയങ്ങളിൽ വിനോദങ്ങളിൽ ഏർപ്പെടുന്നതുമടക്കം നിരവധി നിയന്ത്രണങ്ങളാണ് രാജ്യത്ത് 10 ദിവസത്തേക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. അതിർത്തി നഗരമായ സിനുയിജുവിൽ താമസിക്കുന്ന ഒരാൾ റേഡിയോ ഫ്രീ ഏഷ്യയോട് പറഞ്ഞതായി ഫോക്‌സ് ന്യൂസാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തത്.
മുൻകാലങ്ങളിൽ, ദുഃഖാചരണ ദിവസങ്ങളിൽ മദ്യപിച്ച് പിടിക്കപ്പെട്ട പലരെയും അറസ്റ്റ് ചെയ്യുകയും രാജ്യദ്രോഹിയായി കണക്കാക്കുകയും ചെയ്തിട്ടുണ്ട്. ഇങ്ങനെ പിടികൂടി കൊണ്ടുപോയിട്ടുള്ള പലരെയും പിന്നെ ആരും കണ്ടിട്ടില്ല. ഈ ദിവസങ്ങളിൽ ജന്മദിനം ആഘോഷിക്കാനോ ശവസംസ്‌കാര ചടങ്ങുകൾ നടത്താനോ പോലും ആരെയും അനുവദിക്കാറില്ലെന്നും പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഒരു പൗരൻ പറഞ്ഞു. 2011 ഡിസംബർ 17ന് 69ാം വയസിൽ ഹൃദയാഘാതത്തെ തുടർന്നാണ് കിം ജോംഗ് ഇൽ അന്തരിച്ചത്.
