ശ്രീനിവാസൻ ചിത്രത്തിന്റെ ലൊക്കേഷനിലേക്ക് യൂത്ത് കോൺഗ്രസ് മാർച്ച്

എറണാകുളം: എറണാകുളം ഷൂട്ടിംഗ് ലൊക്കേഷനിലേക്ക് യൂത്ത് കോൺഗ്രസ് മാർച്ച്. ശ്രീനിവാസൻ, വിജയ് ബാബു, രജിഷ വിജയന്‍ എന്നിവർ അഭിനയിക്കുന്ന കീടം എന്ന ചിത്രത്തിന്റെ ലൊക്കേഷനിലേക്കാണ് പ്രതിഷേധ മാർച്ചുമായി യൂത്ത് കോൺഗ്രസ് എത്തിയത്. എറണാകുളം പുത്തൻകുരിശ് പള്ളിക്ക് സമീപമുള്ള ഗസ്റ്റ് ഹൗസിലായിരുന്നു ചിത്രീകരണം.
റോഡ് കൈയ്യേറിയുള്ള ഷൂട്ടിങ്, സർക്കാർ ഗസ്റ്റ് ഹൗസ് ചിത്രീകരണത്തിന് ഉപയോഗിച്ചു എന്നീ കാരണങ്ങൾ പറഞ്ഞാണ് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം സംഘടിപ്പിച്ചത്. രാഹുൽ റിജി നായർ ആണ് കീടം സിനിമ സംവിധാനം ചെയ്യുന്നത്.
കഴിഞ്ഞ ദിവസം പൃഥ്വിരാജ്−ഷാജി കൈലാസ് ചിത്രം കടുവയുടെ ലൊക്കേഷനിലേക്കും യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ മാർച്ച് നടത്തിയിരുന്നു. കോട്ടയം കാഞ്ഞിരപ്പള്ളിയിലെ കടുവയുടെ സെറ്റിലേക്കാണ് യൂത്ത് കോൺഗ്രസ് മാർച്ച് നടത്തിയത്.
വഴി തടഞ്ഞ് ചിത്രീകരണം നടത്തിയെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. ചിറക്കടവ് മണ്ഡലം കമ്മിറ്റി ആണ് മാർച്ച് നടത്തിയത്. പ്രതിഷേധ പ്രകടനത്തിനിടെ നടൻ ജോജു ജോർജിനെതിരെയും മുദ്രാവാക്യങ്ങൾ ഉയർന്നിരുന്നു.