പപ്പായ ഇല നീര് കുടിച്ചാൽ കോവിഡ് കുറക്കാൻ സാധിക്കും: ലേഖനങ്ങളുടെ ലിങ്ക് പങ്കുവെച്ച സംവിധായകൻ സനൽ കുമാർ ശശിധരനെതിരെ പരാതി

കൊച്ചി: പപ്പായ ഇല നീര് കുടിച്ചാൽ കോവിഡ് കുറക്കാൻ സാധിക്കുമെന്ന് അവകാശപ്പെടുന്ന ലേഖനങ്ങളുടെ ലിങ്ക് പങ്കുവെച്ച സംവിധായകൻ സനൽ കുമാർ ശശിധരനെതിരെ പരാതി. സനൽ തന്നെയാണ് പരാതിയുടെ കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്. സനലിന്റെ പോസ്റ്റ് അയച്ചു കൊടുത്താണ് പരാതി അറിയിച്ചിരിക്കുന്നത്. പപ്പായയുടെ കാര്യത്തിൽ എന്തെങ്കിലും സത്യാവസ്ഥയുണ്ടോ എന്ന് അന്വേഷിച്ച് ഇദ്ദേഹത്തിനെതിരേ കേസ് എടുക്കണമെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന സന്ദേശം.
ഇതിനെതിരെ ഫേസ്ബുക്കിലൂടെ പ്രതികരണവുമായി അദ്ദേഹം രംഗത്തെത്തിയിരിക്കുകയാണ്.
സനൽ കുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റ് “പപ്പായ ഇലനീരിനെക്കുറിച്ചു തന്നെ! വൈദ്യശാസ്ത്രം ഒന്നേയുള്ളു എന്നും അത് അലോപ്പതി ആണെന്നും മറ്റൊന്നിനെക്കുറിച്ചും സംസാരിക്കാൻ പാടില്ല എന്നുമൊക്കെയുള്ള പുറപ്പാടുകൾ അടിസ്ഥാനമില്ലാത്തതും ദുരുദ്ദേശപരമാണ്. എന്തിനെക്കുറിച്ചുമുള്ള അറിവുകളും അഭിപ്രായങ്ങളും പങ്കുവെയ്ക്കാൻ ഭരണഘടനാപരമായ സ്വാതന്ത്ര്യം ഓരോ പൗരനുമുണ്ട്.
കൊറോണ തടയാനാവാതെ പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ പപ്പായ ഇല നീരിന് കൊവിഡ് ചികിത്സയിൽ കാര്യമായ പങ്കുവഹിക്കാൻ കഴിയും എന്ന് സമർത്ഥിക്കുന്ന ചില ലിങ്കുകൾ പങ്കുവെച്ചതിന് അകത്താക്കിക്കളയും എന്ന ഭീഷണിയുമായാണ് ചിലർ വരുന്നത്. എന്തിനാവും അത്? എന്താവും അവരുടെ ഉദ്ദേശ്യലക്ഷ്യങ്ങൾ? ഞാൻ പങ്കുവെച്ച പഠനങ്ങൾ സംബന്ധിച്ച തർക്കമുണ്ടെങ്കിൽ അത് പ്രസിദ്ധീകരിച്ച ജേർണലുകളെ സമീപിക്കുകയല്ലേ വേണ്ടത്.
ആയുർവേദവും ഹോമിയോയും സിദ്ധയും ഒന്നും വൈദ്യശാസ്ത്രം അല്ല എന്നുണ്ടെങ്കിൽ ആ മേഖലയിലെ ആശുപത്രികളും മെഡിക്കൽ കോളേജുകളും ഒക്കെ നിയമപരമായി പ്രവർത്തിക്കാൻ തടസമുന്നയിച്ചുകൊണ്ട് കോടതിയിൽ പോകാത്തതെന്ത് അവർ? അഭിപ്രായങ്ങളെയും അറിവുകളെക്കുറിച്ചുള്ള ചർച്ചകളും ഭീഷണിപ്പെടുത്തി ഇല്ലാതാക്കാമെന്നുള്ള ചിന്തയുടെ വേര് എവിടെയാണ് ചെന്ന് തൊടുന്നത്?