വളർത്തുമൃഗങ്ങളെ തെരുവിൽ ഉപേക്ഷിക്കുന്നവർക്ക് 5,000 ദിനാർ വരെ പിഴ; കർശന നിയമനിർദേശവുമായി ബഹ്റൈൻ എം.പി
പ്രദീപ് പുറവങ്കര
മനാമ: വളർത്തുമൃഗങ്ങളെ തെരുവുകളിൽ ഉപേക്ഷിക്കുന്ന ഉടമകൾക്ക് 5,000 ബഹ്റൈൻ ദിനാർ വരെ പിഴ ചുമത്തണമെന്ന നിർദ്ദേശവുമായി ബഹ്റൈൻ പാർലമെന്റ് അംഗം മറിയം അൽ സയേഗ് രംഗത്തെത്തി. ഉപേക്ഷിക്കപ്പെടുന്ന മൃഗങ്ങളുടെ ഉടമകളെ എളുപ്പത്തിൽ തിരിച്ചറിയുന്നതിനായി പൂച്ചകൾക്കും നായ്ക്കൾക്കും മൈക്രോചിപ്പിംഗ് നിർബന്ധമാക്കണമെന്നും അവർ ആവശ്യപ്പെട്ടു.
'ദി ഡെയ്ലി ട്രിബ്യൂണിന്' നൽകിയ അഭിമുഖത്തിലാണ് അൽ സയേഗ് ഇക്കാര്യം വ്യക്തമാക്കിയത്. മൃഗങ്ങളോടുള്ള ക്രൂരതയും അവയെ ഉപേക്ഷിക്കുന്ന പ്രവണതയും തടയാൻ നിലവിലുള്ള ശിക്ഷാനടപടികൾ പര്യാപ്തമല്ലെന്ന് അവർ ചൂണ്ടിക്കാട്ടി. ഉടമകൾ ഉപേക്ഷിക്കുന്ന മൃഗങ്ങൾക്ക് ഭക്ഷണവും അഭയവും ചികിത്സയും നൽകേണ്ട ബാധ്യത നിലവിൽ സന്നദ്ധപ്രവർത്തകരുടെ തലയിലായിരിക്കുകയാണെന്നും അവർ പറഞ്ഞു.
"നിലവിലുള്ള ശിക്ഷകൾ കുറ്റകൃത്യങ്ങൾ തടയാൻ ഒട്ടും പര്യാപ്തമല്ല. മൃഗങ്ങളോടുള്ള ക്രൂരതയ്ക്കും അവഗണനയ്ക്കുമെതിരെ കനത്ത പിഴയും കർശനമായ നിയമനടപടികളും അടിയന്തരമായി നടപ്പിലാക്കേണ്ടതുണ്ട്," അൽ സയേഗ് വ്യക്തമാക്കി.
ഖത്തറിലെ 2026-ലെ 18-ാം നമ്പർ നിയമത്തിന് സമാനമായ ശിക്ഷാനടപടികളാണ് ബഹ്റൈനിലും വേണ്ടതെന്ന് അവർ നിർദ്ദേശിച്ചു. 10,000 മുതൽ 50,000 ഖത്തർ റിയാൽ വരെയാണ് (ഏകദേശം 1,030 മുതൽ 5,200 ബഹ്റൈൻ ദിനാർ വരെ) ഖത്തറിൽ ഈ കുറ്റത്തിന് പിഴയായി ഈടാക്കുന്നത്. പാർലമെന്റ് പുതിയ നിയമം പാസാക്കുന്നത് വരെ കാത്തുനിൽക്കാതെ, മൃഗസംരക്ഷണത്തിനായി നിലവിലുള്ള സംവിധാനങ്ങൾ ഉപയോഗിച്ച് സർക്കാർ ഏജൻസികൾ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും അവർ ആവശ്യപ്പെട്ടു.
നിർബന്ധിത രജിസ്ട്രേഷനും മൈക്രോചിപ്പിംഗും നടപ്പിലാക്കുന്നതിലൂടെ തെരുവിൽ ഉപേക്ഷിക്കപ്പെടുന്ന നായ്ക്കളുടെയും പൂച്ചകളുടെയും യഥാർത്ഥ ഉടമകളെ കണ്ടെത്താനും അവർക്കെതിരെ ശിക്ഷാനടപടികൾ സ്വീകരിക്കാനും സാധിക്കും. വളർത്തുമൃഗങ്ങളെ ഉപേക്ഷിക്കുന്ന പ്രവണത വർദ്ധിച്ചുവരുന്നത് മൃഗങ്ങളോട് കരുണയും ദയയും കാണിക്കണമെന്ന ഇസ്ലാമിക അധ്യാപനങ്ങൾക്ക് വിരുദ്ധമാണെന്നും അവർ കൂട്ടിച്ചേർത്തു.
sdfsf


