5 രൂപയുടെ പാക്കറ്റിൽ കുങ്കുമപ്പൂവോ? പാൻ മസാല പരസ്യക്കേസിൽ സൽമാൻഖാന് നോട്ടീസ്
ശാരിക
ജോധ്പൂർ: പാൻ മസാല പരസ്യവുമായി ബന്ധപ്പെട്ട കേസിൽ ബോളിവുഡ് താരം സൽമാൻ ഖാനും ഉൽപ്പന്നത്തിന്റെ നിർമാണ കമ്പനിക്കും രാജസ്ഥാൻ സംസ്ഥാന ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ നോട്ടീസയച്ചു. ചേരുവകളെക്കുറിച്ച് തെറ്റായ അവകാശവാദങ്ങൾ ഉന്നയിച്ച് ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ആരോപിച്ച് ജോധ്പൂർ സ്വദേശി ഗജേന്ദ്ര കുമാർ നൽകിയ റിവിഷൻ ഹർജിയിലാണ് നടപടി. കമ്മീഷൻ പ്രസിഡന്റ് ദേവേന്ദ്ര കച്ഛ്‌വാഹ, അംഗം ലിയാഖത്ത് അലി എന്നിവരടങ്ങിയ സർക്യൂട്ട് ബെഞ്ച് കേസ് ജനുവരി 19-ലേക്ക് മാറ്റി.
കിലോഗ്രാമിന് നാല് ലക്ഷത്തോളം രൂപ വിലവരുന്ന കുങ്കുമപ്പൂവ്, അഞ്ചും പത്തും രൂപയുടെ പാൻ മസാല പാക്കറ്റിൽ എങ്ങനെ ഉൾപ്പെടുത്താൻ കഴിയുമെന്നാണ് ഹർജിക്കാരന്റെ പ്രധാന ചോദ്യം. 'ജശ്ൻ കാ തഷൻ' എന്ന ടാഗ്‌ലൈനിൽ കുങ്കുമപ്പൂവും ഏലക്കായും അടങ്ങിയിട്ടുണ്ടെന്ന് അവകാശപ്പെടുന്ന പരസ്യം യുവാക്കളിൽ ലഹരി ആസക്തിക്കും വായിലെ കാൻസർ അടക്കമുള്ള രോഗങ്ങൾക്കും കാരണമാകുമെന്നും ഹർജിയിൽ പറയുന്നു.
ഇതിനുപുറമെ, ജില്ലാ ഉപഭോക്തൃ കമ്മീഷനിൽ സൽമാൻ ഖാൻ സമർപ്പിച്ച വക്കാലത്ത് ഉൾപ്പെടെയുള്ള രേഖകളിലെ ഒപ്പുകൾ വ്യാജമാണെന്നും അവ ഫോറൻസിക് പരിശോധനയ്ക്ക് വിധേയമാക്കണമെന്നും ഹർജിക്കാരൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഈ ആവശ്യം നേരത്തെ ജില്ലാ കമ്മീഷൻ തള്ളിയതിനെ തുടർന്നാണ് സംസ്ഥാന കമ്മീഷനെ സമീപിച്ചത്. റിവിഷൻ ഹർജിയിൽ തീർപ്പുണ്ടാകുന്നതുവരെ യഥാർത്ഥ പരാതിയിൽ അന്തിമ വിധി പറയരുതെന്ന് ജില്ലാ കമ്മീഷന് സംസ്ഥാന ബെഞ്ച് നിർദേശം നൽകി.
േ്ിേ്ി


