യു.എസിൽ ഇന്ത്യൻ വംശജന്റെ വംശീയ ആക്രമണം; സൊമാലിയൻ ഉബർ ഡ്രൈവർ മരിച്ചു
ശാരിക
വാഷിങ്ടൺ: അമേരിക്കയിലെ മിനിയാപൊളിസിൽ ഇന്ത്യൻ വംശജനായ യാത്രക്കാരന്റെ ക്രൂരമായ വംശീയ ആക്രമണത്തിന് ഇരയായ സൊമാലിയൻ-അമേരിക്കൻ ഉബർ ഡ്രൈവർ മരിച്ചു. 51 വയസ്സുകാരനായ മുഹമ്മദ് യൂസഫാണ് ശനിയാഴ്ച രാവിലെ ഹെന്നെപ്പിൻ കൗണ്ടി മെഡിക്കൽ സെന്ററിൽ വെച്ച് മരിച്ചത്. നവംബർ 14-ന് മിനിയാപൊളിസ് പ്രാന്തപ്രദേശത്തായിരുന്നു സംഭവം. സീറ്റ് ബെൽറ്റ് ഉപയോഗിച്ച് കഴുത്ത് ഞെരിച്ച ശേഷം, യൂസഫിന്റെ തന്നെ കാർ ശരീരത്തിലൂടെ കയറ്റിയിറക്കി ഓടയിൽ ഉപേക്ഷിക്കുകയായിരുന്നു. അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം.
സംഭവത്തിൽ 25 കാരനായ സമിത് അപൂർവ പട്ടേലിനെതിരെ നേരത്തെ കൊലപാതകശ്രമത്തിനും കാർ തട്ടിയെടുക്കലിനും കേസെടുത്തിരുന്നു. ഡ്രൈവർ മരിച്ച സാഹചര്യത്തിൽ പ്രതിക്കെതിരെ മനഃപൂർവമുള്ള കൊലപാതകക്കുറ്റം ചുമത്തുമെന്ന് ഹെന്നെപ്പിൻ കൗണ്ടി അറ്റോർണി മേരി മോറിയാർട്ടി വ്യക്തമാക്കി.
യാത്രക്കാരനെ വാഹനത്തിൽ കയറ്റുന്ന സമയത്ത് ഉബർ ഡ്രൈവർ കൂടിയായ സഹോദരനുമായി യൂസഫ് ഫോണിൽ സംസാരിക്കുന്നുണ്ടായിരുന്നു. 'മുഹമ്മദ്' എന്ന പേര് തനിക്ക് ഇഷ്ടമല്ലെന്ന് യാത്രക്കാരൻ പറയുന്നതും, പിന്നാലെ യൂസഫ് നിലവിളിക്കുന്നതും താൻ ഫോണിലൂടെ കേട്ടതായി സഹോദരൻ കോടതിയിൽ മൊഴി നൽകിയിട്ടുണ്ട്. അമേരിക്കയിൽ ഏറ്റവും കൂടുതൽ സൊമാലിയൻ വംശജർ താമസിക്കുന്ന മിനസോട്ടയിലെ ഈ ദാരുണ സംഭവം പ്രദേശത്തെ സൊമാലിയൻ സമൂഹത്തിനിടയിൽ വലിയ ഭീതി പരത്തിയിട്ടുണ്ട്.
ൈാീൈാേ


