ഇന്ത്യൻ പൗരത്വം ലഭിക്കും മുൻപേ സോണിയ ഗാന്ധി വോട്ടർ പട്ടികയിൽ; അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്ന് ദില്ലി പൊലീസ്
ശാരിക
ന്യൂഡൽഹി: ഇന്ത്യൻ പൗരത്വം നേടുന്നതിന് മുൻപേ കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയുടെ പേര് വോട്ടർ പട്ടികയിൽ ഉൾപ്പെട്ടിരുന്നതായി ദില്ലി പൊലീസിന്റെ അന്വേഷണ റിപ്പോർട്ട്. 1983 ഏപ്രിൽ 30-നാണ് സോണിയ ഗാന്ധിക്ക് ഇന്ത്യൻ പൗരത്വം ലഭിച്ചതെങ്കിലും, 1980 മുതൽ 1983 വരെയുള്ള കാലയളവിൽ ദില്ലിയിലെ വോട്ടർ പട്ടികയിൽ ഇവരുടെ പേരുണ്ടായിരുന്നതായി പൊലീസ് റോസ് അവന്യൂ കോടതിയെ അറിയിച്ചു. അതുവരെ അവർ ഇറ്റാലിയൻ പൗരയായിരുന്നുവെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെയും ജില്ലാ മജിസ്ട്രേറ്റിന്റെയും രേഖകൾ വ്യക്തമാക്കുന്നുണ്ട്. അന്വേഷണത്തോട് സോണിയ ഗാന്ധി സഹകരിക്കുന്നില്ലെന്നും, കൂടുതൽ നടപടികൾക്കായി സമയം അനുവദിക്കണമെന്നും ഐപി എസ്റ്റേറ്റ് പൊലീസ് സ്റ്റേഷൻ എസ്എച്ച്ഒ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.
അതേസമയം, ഈ പരാതി തങ്ങളുടെ അധികാരപരിധിയിൽ വരുന്നതല്ലാത്തതിനാൽ തുഗ്ലക് റോഡ് പൊലീസ് സ്റ്റേഷനിലേക്ക് കൈമാറിയതായും പൊലീസ് കോടതിയെ അറിയിച്ചു. എന്നാൽ, ഏത് നിയമവ്യവസ്ഥയുടെ അടിസ്ഥാനത്തിലാണ് കേസ് മറ്റൊരു സ്റ്റേഷനിലേക്ക് മാറ്റിയതെന്ന് കോടതി ആരാഞ്ഞു. തുടർന്ന്, അന്വേഷണം പൂർത്തിയാക്കാൻ കൂടുതൽ സമയം അനുവദിച്ച കോടതി, തുഗ്ലക് റോഡ് എസ്എച്ച്ഒയോട് നേരിട്ട് ഹാജരാകാൻ നിർദേശിക്കുകയും കേസ് ഡിസംബർ 14-ലേക്ക് മാറ്റുകയും ചെയ്തു.
അഭിഭാഷകനായ വികാസ് ത്രിപാഠി നൽകിയ പരാതിയിലാണ് നടപടി. വ്യാജരേഖ ചമച്ചതടക്കമുള്ള വകുപ്പുകൾ പ്രകാരം കേസെടുക്കണമെന്ന ആവശ്യം 2025 സെപ്റ്റംബറിൽ മജിസ്ട്രേറ്റ് കോടതി തള്ളിയിരുന്നു. എന്നാൽ, റോസ് അവന്യൂ കോടതി ഈ ഉത്തരവ് റദ്ദാക്കിയതോടെയാണ് കേസിൽ വീണ്ടും അന്വേഷണം ആരംഭിച്ചത്.
weqwe


