ആറ് വർഷത്തിനിടെ 2 ലക്ഷത്തിലധികം ദിനാർ വാറ്റ് നികുതി വെട്ടിച്ചു; 76-കാരനായ ജ്വല്ലറി ഉടമ ബഹ്റൈനിൽ വിചാരണ നേരിടുന്നു
പ്രദീപ് പുറവങ്കര
മനാമ: ആറ് വർഷത്തിനിടെ 2,03,000 ബഹ്റൈൻ ദിനാറിലധികം മൂല്യവർദ്ധിത നികുതി (VAT) വെട്ടിച്ച കേസിൽ 76-കാരനായ ജ്വല്ലറി ഉടമ വിചാരണ നേരിടുന്നു. ബഹ്റൈൻ ഹൈ ക്രിമിനൽ കോടതിയിലാണ് സ്വദേശി പൗരനെതിരായ കേസിന്റെ വിചാരണ നടക്കുന്നത്. അതേസമയം, നാഷണൽ ബ്യൂറോ ഫോർ റവന്യൂവുമായി (NBR) പ്രതി ഒത്തുതീർപ്പിലെത്തിയതായും ഇതിന്റെ രേഖകൾ സമർപ്പിക്കാൻ സമയം അനുവദിക്കണമെന്നും പ്രതിഭാഗം അഭിഭാഷകൻ കോടതിയെ അറിയിച്ചു.
ഉപഭോക്താക്കളിൽ നിന്ന് ഈടാക്കിയ വാറ്റ് തുക സർക്കാരിലേക്ക് അടയ്ക്കാത്തതിനും, ഇറക്കുമതി ചെയ്യുന്ന സാധനങ്ങളുടെ കൃത്യമായ രേഖകൾ സൂക്ഷിക്കാത്തതിനുമാണ് ഉടമയ്ക്കെതിരെ കുറ്റം ചുമത്തിയിരിക്കുന്നത്. നികുതി വെട്ടിപ്പിനായി സ്ഥാപനത്തിന്റെ പേര് ദുരുപയോഗം ചെയ്തതിനും, നികുതി അടയ്ക്കാതെ റിട്ടേണുകൾ സമർപ്പിച്ചതിനും, സുപ്രധാന രേഖകൾ നഷ്ടപ്പെടുത്തിയതിനും ജ്വല്ലറി കമ്പനിക്കെതിരെയും നിയമനടപടി സ്വീകരിച്ചിട്ടുണ്ട്.
സ്വർണ്ണ-ആഭരണ വ്യാപാരവും പൊതുവ്യാപാരവും നടത്തുന്ന ഈ ലിമിറ്റഡ് ലയബിലിറ്റി കമ്പനി (WLL) 2019 ജനുവരി ഒന്നിനാണ് എൻ.ബി.ആറിൽ വാറ്റ് രജിസ്ട്രേഷൻ എടുത്തതെന്ന് കോടതിയിൽ വ്യക്തമാക്കി. എന്നാൽ പ്രവർത്തനം ആരംഭിച്ചത് മുതൽ സ്ഥാപനം യാതൊരു നികുതിയും അടച്ചിട്ടില്ലെന്നും, ആകെ 2,03,403 ദിനാർ കുടിശ്ശികയാണെന്നും പ്രോസിക്യൂഷൻ അറിയിച്ചു.
എൻ.ബി.ആർ നികുതി ഓഡിറ്റ് വിഭാഗം സ്ഥാപനത്തിന്റെ രേഖകളിൽ നടത്തിയ പരിശോധനയിൽ, സമർപ്പിച്ച വിവരങ്ങൾ കൃത്യമല്ലെന്നും അനുബന്ധ രേഖകൾ അപര്യാപ്തമാണെന്നും കണ്ടെത്തിയിരുന്നു. തുടർന്ന് രണ്ട് പാദങ്ങളിലെ നികുതി വിവരങ്ങൾ വീണ്ടും സമർപ്പിക്കാൻ അധികൃതർ ഉത്തരവിട്ടു.
സ്ഥാപനത്തിലെ ചില ഉൽപ്പന്നങ്ങൾ 'നിക്ഷേപ സ്വർണ്ണമായി' കണക്കാക്കിയതായും, ഇറക്കുമതിയും വിതരണവുമായി ബന്ധപ്പെട്ട ബില്ലുകളോ ഇൻവോയ്സുകളോ രേഖകളോ കാര്യമായി ലഭ്യമല്ലെന്നും കമ്പനി മാനേജർ സമ്മതിച്ചതായി പ്രോസിക്യൂഷൻ റിപ്പോർട്ടിൽ പറയുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ക്രിമിനൽ നടപടികൾ ആരംഭിക്കണമെന്നാവശ്യപ്പെട്ട് എൻ.ബി.ആർ കേസ് കൈമാറിയത്. കേസിൽ വിചാരണ തുടരുകയാണ്.
werwer


