ബഹ്റൈൻ ഫാർമേഴ്സ് മാർക്കറ്റ് 14-ാം സീസൺ ഡിസംബർ 5-ന് ബുദയ്യ ബൊട്ടാണിക്കൽ ഗാർഡനിൽ ആരംഭിക്കും
പ്രദീപ് പുറവങ്കര
മനാമ: ബഹ്റൈനി ഫാർമേഴ്സ് മാർക്കറ്റിന്റെ 2026–2027 വർഷത്തെ 14-ാം സീസൺ ഡിസംബർ അഞ്ച് ശനിയാഴ്ച ബുദയ്യ ബൊട്ടാണിക്കൽ ഗാർഡനിൽ ആരംഭിക്കുമെന്ന് മുനിസിപ്പാലിറ്റി കാര്യ-കാർഷിക മന്ത്രി എഞ്ചിനീയർ വായേൽ ബിൻ നാസർ അൽ മുബാറക് അറിയിച്ചു. സീസൺ അവസാനിക്കുന്നത് വരെ എല്ലാ ശനിയാഴ്ചകളിലും വിപണി പ്രവർത്തിക്കും.
നാഷണൽ ഇനിഷ്യേറ്റീവ് ഫോർ അഗ്രികൾച്ചറൽ ഡെവലപ്മെന്റ് (NIAD), എസ്ടിസി ബഹ്റൈൻ (stc Bahrain) എന്നിവയുടെ പങ്കാളിത്തത്തോടെയും ബഹ്റൈൻ ടൂറിസം ആൻഡ് എക്സിബിഷൻസ് അതോറിറ്റിയുടെ പിന്തുണയോടെയുമാണ് വിപണി സംഘടിപ്പിക്കുന്നത്. കർഷകർക്ക് തങ്ങളുടെ ഉൽപ്പന്നങ്ങൾ ഇടനിലക്കാരില്ലാതെ ഉപഭോക്താക്കൾക്ക് നേരിട്ട് വിൽക്കുന്നതിനും പ്രാദേശിക ഉൽപ്പന്നങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള മികച്ച ദേശീയ വേദിയായി മാർക്കറ്റ് മാറിയെന്ന് മന്ത്രി അൽ മുബാറക് പറഞ്ഞു. പങ്കെടുക്കുന്നവരുടെ എണ്ണത്തിലുണ്ടായ വർദ്ധനവ് വിപണിയുടെ പ്രാധാന്യമാണ് വ്യക്തമാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിപണിയിലുള്ള ജനങ്ങളുടെ വർദ്ധിച്ചുവരുന്ന വിശ്വാസത്തെയാണ് പങ്കാളിത്തത്തിലെ വർദ്ധനവ് സൂചിപ്പിക്കുന്നതെന്ന് നാഷണൽ ഇനിഷ്യേറ്റീവ് സെക്രട്ടറി ജനറൽ ശൈഖ മറാം ബിൻത് ഈസ അൽ ഖലീഫ അഭിപ്രായപ്പെട്ടു. പ്രാദേശിക ഉൽപ്പന്നങ്ങൾ വാങ്ങേണ്ടതിന്റെ പ്രാധാന്യവും അവർ എടുത്തുപറഞ്ഞു. പ്രാദേശിക ഉൽപ്പാദകർ, ചെറുകിട സംരംഭകർ, ഉൽപ്പാദനക്ഷമതയുള്ള കുടുംബങ്ങൾ എന്നിവരോടുള്ള കമ്പനിയുടെ പ്രതിബദ്ധതയാണ് ഈ സഹകരണത്തിലൂടെ പ്രതിഫലിക്കുന്നതെന്ന് എസ്ടിസി ബഹ്റൈനിലെ ശൈഖ് സിയാദ് ബിൻ ഫൈസൽ അൽ ഖലീഫ വ്യക്തമാക്കി.
കർഷകർക്ക് പുറമെ തേനീച്ച വളർത്തുന്നവർ, ഈന്തപ്പഴ ഉൽപ്പാദകർ, നഴ്സറികൾ, കാർഷിക കമ്പനികൾ, റെസ്റ്റോറന്റുകൾ, കഫേകൾ, ചെറുകിട സംരംഭകർ എന്നിവരും വിപണിയുടെ ഭാഗമാകും. ഔഷധസസ്യങ്ങൾ നടുന്നത്, സസ്യപരിപാലനം, പുഷ്പാലങ്കാരം എന്നിവയെക്കുറിച്ചുള്ള ശിൽപശാലകൾ, കുട്ടികൾക്കായി 'ലിറ്റിൽ ഫാർമർ ലാബ്', കുടുംബങ്ങൾക്കായി നാടക-കലാപരിപാടികൾ എന്നിവയും മേളയോടനുബന്ധിച്ച് ഒരുക്കിയിട്ടുണ്ട്.
ewrwer


