സൗദിയിൽ വ്യാഴാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴ; അതീവ ജാഗ്രതാ നിർദേശവുമായി സിവിൽ ഡിഫൻസ്
ശാരിക
റിയാദ്: ഇന്ന് മുതൽ ഡിസംബർ 3 വ്യാഴാഴ്ച വരെ സൗദി അറേബ്യയിലെ മിക്ക പ്രദേശങ്ങളിലും ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് സിവിൽ ഡിഫൻസ് ജനറൽ ഡയറക്ടറേറ്റ് നിർദേശിച്ചു. ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പിനെ തുടർന്നാണിത്. താഴ്വരകളിലേക്കും വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങളിലേക്കും പോകരുതെന്നും, അവിടങ്ങളിൽ നീന്താനോ വെള്ളത്തിൽ ഇറങ്ങാനോ ശ്രമിക്കരുതെന്നും അധികൃതർ കർശന മുന്നറിയിപ്പ് നൽകി. ഔദ്യോഗിക മാധ്യമങ്ങൾ വഴി നൽകുന്ന സുരക്ഷാ നിർദേശങ്ങൾ കൃത്യമായി പാലിക്കണം.
റിയാദ് മേഖലയിൽ മിതമായതോ ശക്തമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ട്. അഫീഫ്, അൽ ദവാദ്മി, അൽ സുൽഫി, അൽ മജ്മ എന്നിവിടങ്ങളിൽ ശക്തമായ മഴയും, റിയാദ് നഗരം, അൽ ഖർജ്, ദിരിയ എന്നിവിടങ്ങളിൽ നേരിയതോ മിതമായതോ ആയ മഴയും പ്രതീക്ഷിക്കുന്നു. മക്ക നഗരം, ജിദ്ദ, റാബിഗ് എന്നിവിടങ്ങളിൽ മിതമായ മഴയ്ക്കും ത്വാഇഫ്, അൽ ഖുൻഫുദ മേഖലകളിൽ നേരിയതോ മിതമായതോ ആയ മഴയ്ക്കുമാണ് സാധ്യത.
ഇതിന് പുറമെ മദീന, യാംബു, അൽ ഉല, തബൂക്ക്, അൽ ജൗഫ്, വടക്കൻ അതിർത്തി പ്രവിശ്യ, കിഴക്കൻ പ്രവിശ്യ, ഹായിൽ, അൽ ഖസീം എന്നീ മേഖലകളിലും മിതമായതോ ശക്തമായതോ ആയ മഴ പെയ്യും. ഈ പ്രദേശങ്ങളിൽ പെട്ടെന്നുള്ള വെള്ളപ്പൊക്കത്തിനും ആലിപ്പഴ വർഷത്തിനും പൊടിക്കാറ്റിനും സാധ്യതയുള്ളതിനാൽ സുരക്ഷിത ഇടങ്ങളിൽ തുടരണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.
asf


