ബികാസ് 'ദീപാവലി ഉത്സവ് 2026' ഇന്ത്യൻ അംബാസഡർ ഉദ്ഘാടനം ചെയ്തു
പ്രദീപ് പുറവങ്കര
മനാമ: ബികാസ് ബഹ്‌റൈൻ സംഘടിപ്പിച്ച 'ദീപാവലി ഉത്സവ് 2026' ഇന്ത്യൻ അംബാസഡർ ഡോ. പ്രദീപ് സിംഗ് രാജ്പുരോഹിത് ഉദ്ഘാടനം ചെയ്തു. ബഹ്‌റൈൻ കേരളീയ സമാജത്തിൽ വെച്ചാണ് ആഘോഷപരിപാടികൾ നടന്നത്. ക്യാപിറ്റൽ ഗവർണറേറ്റ് പാർലമെന്റ് അംഗം മുഹമ്മദ് ഹുസൈൻ ജനാഹി ചടങ്ങിൽ വിശിഷ്ടാതിഥിയായിരുന്നു. പ്രമുഖ വ്യവസായി പമ്പ വാസൻ നായർ, പി.വി. രാധാകൃഷ്ണ പിള്ള, ബികാസ് വൈസ് പ്രസിഡന്റ് ഡോ. അരുൺ കുമാർ പ്രഹാർ, എക്സിക്യൂട്ടീവ് അംഗം ശിവാനന്ദ് പാട്ടീൽ എന്നിവരും വേദിയിൽ സന്നിഹിതരായിരുന്നു.
ഇന്ത്യൻ സമൂഹത്തിന് ദീപാവലിയും മറ്റ് സാംസ്കാരിക ഉത്സവങ്ങളും സമാധാനപരമായും സുരക്ഷിതമായും ആഘോഷിക്കാൻ സൗകര്യമൊരുക്കുന്ന ബഹ്‌റൈൻ ഭരണനേതൃത്വത്തിനും സർക്കാരിനും അംബാസഡർ ഡോ. പ്രദീപ് സിംഗ് രാജ്പുരോഹിത് ഹൃദയംഗമമായ നന്ദി രേഖപ്പെടുത്തി. ഇന്ത്യൻ പാരമ്പര്യവും സംസ്കാരവും സന്തോഷത്തോടെയും പരസ്പര ബഹുമാനത്തോടെയും ആഘോഷിക്കാൻ ബഹ്‌റൈൻ അധികൃതർ നൽകുന്ന പിന്തുണയെ അദ്ദേഹം പ്രശംസിച്ചു. ഇന്ത്യയും ബഹ്‌റൈനും തമ്മിലുള്ള ദൃഢമായ സൗഹൃദത്തെക്കുറിച്ച് പരാമർശിച്ച അംബാസഡർ, ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിൽ പ്രവാസി സമൂഹം വഹിക്കുന്ന പങ്ക് നിർണ്ണായകമാണെന്നും കൂട്ടിച്ചേർത്തു.
ആഘോഷങ്ങളുടെ ഭാഗമായി രാവിലെ 9 മുതൽ ഉച്ചയ്ക്ക് 12 വരെ രംഗോലി മത്സരവും, വൈകിട്ട് 4 മുതൽ രാത്രി 9 വരെ ഇന്ത്യൻ പാരമ്പര്യത്തിന്റെ വൈവിധ്യം വിളിച്ചോതുന്ന വിവിധ കലാപരിപാടികളും അരങ്ങേറി. രാത്രി 9 മുതൽ 10 വരെ ഡിജെ നിർമ്മൽ അവതരിപ്പിച്ച ആവേശകരമായ ഡാണ്ടിയ നൈറ്റോടെയാണ് പരിപാടികൾ സമാപിച്ചത്. പരിപാടി വൻ വിജയമാക്കാൻ സഹകരിച്ച എല്ലാവർക്കും സംഘാടകർ നന്ദി അറിയിച്ചു.
afsdf


