വിടവാങ്ങിയത് തെന്നിന്ത്യയിലെ ഇതിഹാസ ഗായകൻ
ലോകം മുഴുവനുമുള്ള സംഗീത പ്രേമികളെ കണ്ണീരിലാഴ്ത്തി എസ്.പി.ബി യാത്രയാകുന്പോൾ പതിറ്റാണ്ടുകൾ നീണ്ട സംഗീത വിസ്മയത്തിന് കൂടിയാണ് തീരശീല വീഴുന്നത്. വിവിധ ഭാഷകളിൽ നാൽപ്പതിനായിരത്തിലേറെ ഗാനങ്ങൾ, നാലു ഭാഷകളിലായി ആറ് ദേശീയ പുരസ്കാരങ്ങൾ അങ്ങനെ പോകുന്നു നേട്ടങ്ങളുടെ പട്ടിക.
ശാസ്ത്രീയ സംഗീതം പഠിച്ചിട്ടില്ല. പരന്പരാഗതരീതിയിൽ പാട്ട് ചൊല്ലിക്കൊടുത്ത ഗുരുവില്ല. സംഗീതപാരന്പര്യവുമില്ല. എന്നിട്ടും ആ സുന്ദരശബ്ദം പാട്ടിന്‍റെ പുഴയായി ആസ്വാദകരുടെ ചെവികളിൽ വന്നു വീണു. ഇന്ത്യൻ സംഗീതലോകം ഒരിക്കലും മറക്കില്ല എസ്.പി.ബി എന്ന മൂന്നക്ഷരത്തെ. സിനിമാ പിന്നണി ഗായകൻ, നടൻ,സംഗീത സംവിധായകൻ, സിനിമാ നിർമ്മാതാവ്, ഡബ്ബിംഗ് ആർട്ടിസ്റ്റ് എന്നിങ്ങനെ നിരവധി രംഗങ്ങളിൽ തിളങ്ങി എസ്പിബി. പാട്ടുകളുടെ റെക്കോഡ് പെരുമഴയാണ് എസ്പിബിയുടെ പേരിൽ. 16 ഭാഷകളിലായി നാൽപ്പതിനായിരത്തിൽപ്പരം ഗാനങ്ങൾ ആലപിച്ചു.
1946 ജൂൺ 4−ന് ആന്ധ്രാപ്രദേശിലെ നെല്ലൂരിലാണ് ശ്രീപതി പണ്ധിതരാധ്യുല ബാലസുബ്രഹ്മണ്യം ജനിച്ചത്. ചെറുപ്പകാലത്ത് നിരവധി സംഗീതമത്സരങ്ങളിൽ മികച്ച ഗായകനായി. സിനിമാ പിന്നണി ഗാനരംഗത്തേക്കുളള അരങ്ങേറ്റം 1966−ൽ ശ്രീ ശ്രീ ശ്രീ മര്യാദ രാമണ്ണ എന്ന തെലുങ്ക് ചിത്രത്തിലൂടെയായിരുന്നു. എം.ജി.ആർ നായകനായ അടിമൈപ്പെണ്‍ എന്ന ചിത്രത്തിലെ ഗാനമാണ് എസ്.പി.ബിയുടെ തമിഴിലെ ആദ്യ ഹിറ്റുഗാനം. അദ്ദേഹം ആദ്യമായി മലയാളത്തിൽ പാടിയത് ജി. ദേവരാജന് വേണ്ടിയാണ്. ചിത്രം കടൽപ്പാലം.
ഹിന്ദിയിലെ അരങ്ങേറ്റം ആർ.ഡി.ബർമൻ ഈണമിട്ട പഞ്ചാം എന്ന ചിത്രത്തിലെ ഗാനത്തിലൂടെയായിരുന്നു. 1979−ൽ ശങ്കരാഭരണം എന്ന ചിത്രത്തിലെ ഗാനത്തിന് ആദ്യ ദേശീയ അവാർഡ് ലഭിച്ചു. പിന്നീട് 5 തവണ കൂടി രാജ്യത്തെ മികച്ച ഗായകനുളള പുരസ്കാരം നേടി അദ്ദേഹം.
മികച്ച ഗായകനുളള ദേശീയ അവാർഡുകൾ
ശങ്കരാഭരണം (1979−തെലുങ്ക്)
ഏക് ദൂജേ കേലിയേ (1981−ഹിന്ദി)
സാഗര സംഗമം (1983−തെലുങ്ക്)
രുദ്രവീണ (1988−തെലുങ്ക്)
സംഗീതസാഗര ഗണയോഗി പഞ്ചാക്ഷര ഗവായ് (1995−കന്നഡ)
മിൻസാര കനവ് (1996−തമിഴ്)
യേശുദാസിനു ശേഷം ഏറ്റവും കൂടുതൽ ദേശീയ അവാർഡുകൾ നേടിയ ഗായകൻ എന്ന ബഹുമതി എസ്പിബിയ്ക്ക് അവകാശപ്പെട്ടതാണ്. മികച്ച ഗായകൻ, സംഗീത സംവിധായകൻ, ഡബ്ബിംഗ് ആർട്ടിസ്റ്റ് എന്നീ വിഭാഗങ്ങളിലായി ആന്ധ്രാപ്രദേശ് സർക്കാരിന്‍റെ അവാർഡ് ഇരുപതിലേറെ തവണ ലഭിച്ചു. മികച്ച ഗായകനുളള ആന്ധ്രാപ്രദേശ് സർക്കാരിന്‍റെ നന്തി അവാർഡ് 24 തവണ ലഭിച്ചു. മികച്ച ഗായകനുളള കർണാടക സർക്കാരിന്‍റെ പുരസ്കാരം 3 വട്ടം ലഭിച്ചു. 4 വട്ടം തമിഴ്നാട്ടിലെ മികച്ച ഗായകനുളള സംസ്ഥാന പുരസ്കാരം നേടി. ഫിലിംഫെയർ പുരസ്കാരങ്ങളടക്കം നിരവധി അംഗീകാരങ്ങൾ വേറെയും ലഭിച്ചു.
നാല് ഭാഷകളിലായി അന്പതോളം സിനിമകൾക്ക് സംഗീതസംവിധാനം നിർവഹിച്ചു അദ്ദേഹം. കെ. ബാലചന്ദറിന്‍റെ മനതിൽ ഉറുതി വേണ്ടും എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്. തെലുങ്ക്, തമിഴ്, കന്നഡ ഭാഷകളിലായി എഴുപതിൽപ്പരം ചിത്രങ്ങളിൽ അഭിനയിച്ചു. തിരുടാ തിരുടാ, കാതലൻ അടക്കം തമിഴിൽ മികച്ച വേഷങ്ങൾ അവതരിപ്പിച്ചു. ഏറ്റവും കൂടുതൽ സിനിമകളിൽ അഭിനയിച്ച ഇന്ത്യൻ ഗായകനെന്ന ബഹുമതിയും എസ്.പി.ബിക്ക് തന്നെ.
