മഹാഗായകന് വിട; എസ്.പി ബാലസുബ്രഹ്‌മണ്യം അന്തരിച്ചു


ചെന്നൈ: പ്രശസ്ത ഗായകൻ എസ്.പി ബാലസുബ്രഹ്മണ്യം അന്തരിച്ചു. 74 വയസായിരുന്നു. ചെന്നൈ എംജിഎം ഹെൽത്ത് കെയർ സെന്ററിൽവച്ചാണ് അന്ത്യം. നടൻ, സംഗീത സംവിധായകൻ, നിർമ്മാതാവ്, ഡബിംഗ് ആർട്ടിസ്‌റ്റ് എന്നീ നിലകളിലും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയാണ് എസ്.പി.ബി. കൊവിഡ് ബാധിച്ച് ആരോഗ്യനില വഷളായതിനെ തുടർന്ന് ചെന്നൈ എം.ജി.എം ആശുപത്രിയിൽ കഴിഞ്ഞ ഒന്നരമാസക്കാലമായി അദ്ദേഹം ചികിത്സയിലായിരുന്നു.

ഓഗസ്‌റ്റ് അഞ്ചിന് ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തിന്റെ ആരോഗ്യനില അതീവഗുരുതരമായതിനെ തുടർന്ന് ഇന്ന് രാവിലെ അടുത്ത ബന്ധുക്കളേയും സുഹൃത്തുക്കളേയും ആശുപത്രിയിലേക്ക് വിളിപ്പിച്ചു. സഹോദരി എസ്.പി ഷൈലജ ഉൾപ്പടെയുളളവർ അന്ത്യസമയത്ത് ആശുപത്രിയിൽ ഉണ്ടായിരുന്നു. എസ്.പി.ബിയുടെ ആരോഗ്യ നില വഷളായതറിഞ്ഞ് പല ഭാഗങ്ങളിൽ നിന്നായി ആശുപത്രിയുടെ മുന്നിലേക്ക് വൻ ജനക്കൂട്ടമാണ് എത്തിയത്. അധികമായി പൊലീസിനെ വിന്യസിച്ചാണ് ജനക്കൂട്ടത്തെ അധികൃതർ നിയന്ത്രിച്ചത്.
ഓഗസ്റ്റ് 13ന് അദ്ദേഹത്തിന്റെ ശരീരത്തിലെ ഓക്സിജന്റെ അളവ് കുറഞ്ഞു. തുടർന്ന് അദ്ദേഹത്തെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കുകയും വെന്റിലേറ്റർ സഹായം നൽകുകയും ചെയ്‌തു. പ്ലാസ്‌മ തെറാപ്പിക്കും അദ്ദേഹത്തെ വിധേയനാക്കി. സെപ്‌തംബർ എട്ടിന് അദ്ദേഹം കൊവിഡ് രോഗമുക്തി നേടി. എന്നാൽ, ശ്വാസകോശത്തിന്റെ സ്ഥിതി മോശമായതിനാൽ വെന്റിലേറ്റർ നീക്കിയില്ല. പിന്നീട് എസ്.പി.ബിയുടെ ആരോഗ്യനില മെച്ചപ്പെട്ടുവെന്ന് സെപ്‌തംബർ 19ന് അദ്ദേഹത്തിന്റെ മകൻ അറിയിച്ചിരുന്നു. അദ്ദേഹം സാധാരണഗതിയിൽ ഭക്ഷണം കഴിക്കാൻ തുടങ്ങിയെന്നും മകൻ വ്യക്തമാക്കി.
എസ്.പി.ബി അതിവേഗം ആരോഗ്യം വീണ്ടെടുക്കുകയാണെന്നും എത്രയും വേഗം ആശുപത്രി വിടാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും എസ്.ബി ചരൺ അടുത്തിടെ അറിയിച്ചിരുന്നു. ഒടുവിൽ എല്ലാ പ്രാർത്ഥനകളേയും വിഫലമാക്കി ആരാധകരെ തേടിയെത്തിയത് അദ്ദേഹത്തിന്റെ വിടവാങ്ങൽ വാർത്തയാണ്.

You might also like

Most Viewed