ദേശീയ അവാർഡുകൾ കോംപ്രമൈസ്ഡ്, കേന്ദ്രസർക്കാർ മമ്മൂക്കയെ അർഹിക്കുന്നില്ല: പ്രകാശ് രാജ്
ശാരിക
തിരുവനന്തപുരം: “ദേശീയ അവാർഡുകൾ കോംപ്രമൈസ്ഡ് ആണ്. കേന്ദ്രസർക്കാർ മമ്മൂക്കയെ അർഹിക്കുന്നില്ല,” — നടനും സംസ്ഥാന ചലച്ചിത്ര അവാർഡ് ജൂറി ചെയർമാനുമായ പ്രകാശ് രാജ് പറഞ്ഞു. കേരള സംസ്ഥാന അവാർഡ് ജൂറിയിൽ യാതൊരു ഇടപെടലും ഉണ്ടായിട്ടില്ലെന്നും, എന്നാൽ കേന്ദ്രത്തിൽ അങ്ങനെ അല്ലെന്നും അദ്ദേഹം വ്യക്തമാക്കി. തന്നെ ജൂറിയിലേക്ക് ക്ഷണിച്ചപ്പോൾ അവാർഡ് നിർണയത്തിൽ കൈകടത്തലുണ്ടാകില്ലെന്നും, സ്വതന്ത്രമായി തീരുമാനമെടുക്കാമെന്നും പറഞ്ഞിരുന്നതായും പ്രകാശ് രാജ് പറഞ്ഞു. പുരസ്‌കാര പ്രഖ്യാപനത്തിന് ശേഷം മാധ്യമങ്ങളോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
“മമ്മൂക്ക യുവാക്കളുമായാണ് മത്സരിക്കുന്നത്. ഭ്രമയുഗം ചിത്രത്തിലെ മമ്മൂട്ടിയുടെ അഭിനയസൂക്ഷ്മത അതീവ ശക്തമായിരുന്നു. യുവ നടന്മാർ ആ നിലവാരത്തിലേക്ക് എത്തേണ്ടതുണ്ട്. ടൊവീനോയെയും ആസിഫ് അലിയെയും പോലുള്ള യുവ താരങ്ങൾ അതിനായി ശ്രമിക്കുന്നു — അത് മമ്മൂക്കയെയും മോഹൻലാലിനെയും പോലുള്ള മികച്ച നടന്മാരുടെ സ്വാധീനമാണ്. മമ്മൂക്കയുടെ അഭിനയത്തിലെ സൂക്ഷ്മത കാണുമ്പോൾ എനിക്ക് അസൂയ തോന്നാറുണ്ട്,” — പ്രകാശ് രാജ് പറഞ്ഞു.
“സംസ്ഥാന ചലച്ചിത്ര അവാർഡുകളെങ്കിലും സ്വതന്ത്ര സിനിമകൾക്ക് കൂടുതൽ പ്രാധാന്യം നൽകേണ്ടതായിരുന്നു,” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. “കേരളത്തിലെ ജൂറി ചെയർമാനായി എന്നെ ക്ഷണിച്ചപ്പോൾ സന്തോഷം തോന്നി. അവാർഡ് നിർണയത്തിൽ കൈകടത്തില്ലെന്നും സ്വതന്ത്രമായി തീരുമാനിക്കാമെന്നും അവർ പറഞ്ഞിരുന്നു. പക്ഷേ ദേശീയ അവാർഡിൽ അങ്ങനെ സംഭവിക്കുന്നില്ല. ‘ഫൈൽസ് ആൻഡ് പൈൽഡ്’ സിനിമകൾക്കാണ് അവാർഡുകൾ ലഭിക്കുന്നത്. അത്തരമൊരു ജൂറിയും അത്തരമൊരു കേന്ദ്രസർക്കാരും മമ്മൂക്കയെ അർഹിക്കുന്നില്ല,” — പ്രകാശ് രാജ് വ്യക്തമാക്കി.
sxcvcxv
