ധർമേന്ദ്രയുടെ സംസ്കാരം നടന്നത് ഔദ്യോഗിക ബഹുമതികളില്ലാതെ


ഷീബ വിജയ൯

ദീർഘകാലമായി അസുഖ ബാധിതനായി ചികിത്സയിലിരിക്കെ ഇന്നലെ മുംബൈയിലെ വസതിയിൽ അന്തരിച്ച ബോളിവുഡ് ഇതിഹാസം ധർമേന്ദ്രയുടെ സംസ്കാരം നടന്നത് ഔദ്യോഗിക ബഹുമതികളില്ലാതെയായിരുന്നു. ഔദ്യോഗിക ബഹുമതികൾ വേണ്ടെന്ന കുടുംബത്തിന്റെ തീരുമാനത്തെ തുടർന്നായിരുന്നു ഈ നടപടി. അടുത്തിടെ താരത്തെക്കുറിച്ച് വ്യാജ മരണവാർത്ത വന്നതിനാൽ മാധ്യമങ്ങളെ ഒഴിവാക്കാൻ കുടുംബം ലളിതമായ സംസ്കാര ചടങ്ങാണ് നടത്തിയത്. പവൻ ഹാൻസ് ശ്മശാനത്തിലായിരുന്നു ധർമേന്ദ്രയുടെ അന്ത്യകർമങ്ങൾ നടന്നത്.

ധർമേന്ദ്രയുടെ വിയോഗത്തെക്കുറിച്ച് താരകുടുംബം ഔദ്യോഗിക പ്രസ്താവനയൊന്നും പുറപ്പെടുവിച്ചില്ല. വേഗത്തിൽ തന്നെ താരത്തിന്റെ ഭൗതികശരീരം ആംബുലൻസിൽ ശ്മശാനത്തിലേക്ക് കൊണ്ടുവരുകയും ചെയ്തു. ഇത് കാരണം സിനിമ മേഖലയിലെ പലർക്കും മരണ വാർത്ത കൃത്യ സമയത്ത് ലഭിച്ചില്ല. ശ്മശാനത്തിന് പുറത്ത് ആരാധകർ തടിച്ചുകൂടിയിരുന്നു. അമിതാഭ് ബച്ചനും അഭിഷേക് ബച്ചനും ആദ്യം തന്നെ എത്തി. ആമിർ ഖാൻ, അനിൽ കപൂർ, സഞ്ജയ് ദത്ത്, സൽമാൻ ഖാൻ, ഷാരൂഖ് ഖാൻ, ഷബാന ആസ്മി, സൈറ ബാനു, ബിശ്വജിത് തുടങ്ങിയ നിരവധി പ്രമുഖ താരങ്ങൾ ആദരാഞ്ജലികൾ അർപ്പിക്കാൻ എത്തിയിരുന്നു. എന്നാൽ, പല പ്രമുഖ താരങ്ങളും ശ്മശാനത്തിൽ എത്തിയപ്പോഴേക്കും ചടങ്ങുകൾ പൂർത്തിയായിരുന്നു.

ഡിസംബർ എട്ടിന് തൊണ്ണൂറാം പിറന്നാൾ ആഘോഷിക്കാനിരിക്കെയായിരുന്നു ധർമേന്ദ്രയുടെ വിയോഗം. ബോളിവുഡിലെ എക്കാലത്തെയും മികച്ച നടന്മാരിലൊരാളായാണ് ധർമേന്ദ്രയെ വിശേഷിപ്പിക്കുന്നത്. പഞ്ചാബ് സ്വദേശിയായ താരം ആറു പതിറ്റാണ്ടോളം ബോളിവുഡിനെ ത്രസിപ്പിച്ചു. മുന്നൂറോളം സിനിമകളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. 2009-ൽ രാജസ്ഥാനിൽനിന്നുള്ള ലോക്സഭാംഗമായിരുന്നു. 2012-ൽ രാജ്യം പത്മഭൂഷൺ നൽകി ആദരിച്ചു. നടി ഹേമമാലിനിയാണ് ഭാര്യ. ആദ്യ ഭാര്യ പ്രകാശ് കൗർ. സണ്ണി ഡിയോൾ, ബോബി ഡിയോൾ, ഇഷ ഡിയോൾ, അഹാന ഡിയോൾ, വിജയേത, അജേത എന്നിവരാണ് മക്കൾ. അമിതാഭ് ബച്ചന്റെ ചെറുമകൻ അഗസ്ത്യ നന്ദയോടൊപ്പം അഭിനയിച്ച 'ഇക്കിസ്' ഡിസംബർ 25-ന് റിലീസ് ചെയ്യാനിരിക്കെയാണ് മരണം.

article-image

adwsdaswdas

You might also like

Most Viewed