തിരുവനന്തപുരം ജില്ലയിൽ 50 ഇടങ്ങളിൽ ബിജെപിക്ക് സ്ഥാനാർഥിയില്ല
ഷീബ വിജയ൯
തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ തിരുവനന്തപുരം ജില്ലയിലെ 50 ഇടങ്ങളിൽ ബിജെപിക്ക് സ്ഥാനാർഥികളെ നിർത്താനായില്ല. അഞ്ച് നഗരസഭാ വാർഡുകളിലും 43 പഞ്ചായത്ത് വാർഡുകളിലുമാണ് ബിജെപി സ്ഥാനാർഥികളെ കണ്ടെത്താൻ കഴിയാതെ പോയത്. എൻഡിഎ ഘടകകക്ഷികളും ഈ വാർഡുകളിൽ മത്സരിക്കുന്നില്ല.
ബിജെപിക്ക് സ്വാധീനമുണ്ടെന്ന് അവകാശപ്പെടുന്ന നെടുമങ്ങാട് നഗരസഭയിലെ പെരുമല, പറമുട്ടം, പത്താംകല്ല്, കൊപ്പം, പുങ്കംമൂട് എന്നീ വാർഡുകളിലും, കിളിമാനൂർ ബ്ലോക്ക് പഞ്ചായത്തിലെ നഗരൂർ, പുതുക്കുറിച്ചി ഡിവിഷനുകളിലും ബിജെപിക്ക് സ്ഥാനാർഥികളില്ല. ഇന്നലെയാണ് തദ്ദേശ തെരഞ്ഞെടുപ്പിനുള്ള അന്തിമ സ്ഥാനാർഥി പട്ടിക പുറത്ത് വന്നത്.
സംസ്ഥാനത്താകെ 72,005 സ്ഥാനാർഥികളാണ് ഇത്തവണ ജനവിധി തേടുന്നത്. ഇതിൽ 37,786 സ്ത്രീ സ്ഥാനാർഥികളും 34,218 പുരുഷ സ്ഥാനാർഥികളും ഒരു ട്രാൻസ്‌ജെൻഡർ സ്ഥാനാർഥിയുമാണ് മത്സരരംഗത്തുള്ളത്. ഏറ്റവും കൂടുതൽ സ്ഥാനാർഥികൾ മലപ്പുറം ജില്ലയിലും ഏറ്റവും കുറവ് വയനാട്ടിലുമാണ്. നിലവിലെ കണക്കുകൾ പ്രകാരം 35,206 പേർ നാമനിർദേശ പത്രിക പിൻവലിച്ചു. പോളിംഗ് ഉദ്യോഗസ്ഥർക്കുള്ള പരിശീലനം ഇന്നുമുതൽ ആരംഭിക്കും. പ്രിസൈഡിങ്, ഫസ്റ്റ് പോളിംഗ് ഉദ്യോഗസ്ഥർക്കാണ് പരിശീലനം നൽകുക. പോസ്റ്റൽ ബാലറ്റ് വിതരണം നാളെ മുതൽ ആരംഭിക്കുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.
dasfdfdfd
