ഇന്ത്യ 201ന് പുറത്ത്; ഫോളോ ഓൺ ചെയ്യിക്കാതെ ദക്ഷിണാഫ്രിക്ക
ഷീബ വിജയ൯
ഗുവാഹതി ടെസ്റ്റിന്റെ മൂന്നാം ദിനത്തിൽ ദക്ഷിണാഫ്രിക്കൻ ബാറ്റർമാർ സെഞ്ച്വറിയും അർധസെഞ്ച്വറിയും കൊണ്ട് നിറഞ്ഞാടിയ പിച്ചിൽ ഇന്ത്യ 201 റൺസിന് പുറത്തായി. ഒന്നാം ഇന്നിങ്സിൽ 288 റൺസിന്റെ വലിയ ലീഡാണ് ഇന്ത്യ വഴങ്ങിയത്. ഏഴിന് 122 റൺസ് എന്ന നിലയിൽ തകർന്ന ഇന്ത്യൻ ബാറ്റിങ് നിരയെ വാലറ്റത്ത് പൊരുതി നിന്ന വാഷിങ്ടൺ സുന്ദറും (48), കുൽദീപ് യാദവുമാണ് (19) 200 റൺസ് കടത്തിയത്.
ഇന്ത്യയെ ഫോളോ ഓൺ ചെയ്യിക്കാമായിരുന്നിട്ടും ദക്ഷിണാഫ്രിക്ക ബാറ്റിങ്ങിന് ഇറങ്ങാൻ തീരുമാനിച്ചത് ഇന്ത്യയെ നാണക്കേടിൽ നിന്ന് രക്ഷിച്ചു. ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി ബാറ്റിങ്ങിൽ 91 റൺസ് അടിച്ചെടുത്ത മാർക്കോ ജാൻസൺ തന്നെയായിരുന്നു ബൗളിങ്ങിലും ഇന്ത്യയെ തകർത്തെറിഞ്ഞത്. ആറ് വിക്കറ്റുകൾ വീഴ്ത്തി ജാൻസൺ ഇന്ത്യയുടെ മധ്യനിരയുടെ നടുവൊടിച്ചു.
വിക്കറ്റൊന്നും നഷ്ടമാവാതെ ഒമ്പത് റൺസ് എന്ന നിലയിൽ തിങ്കളാഴ്ച കളി ആരംഭിച്ച ഇന്ത്യയ്ക്ക് ബാറ്റർമാർ ഓരോരുത്തരായി കൂടാരം കയറിയത് തിരിച്ചടിയായി. ഓപ്പണർ യശസ്വി ജയ്സ്വാളും (58), കെ.എൽ. രാഹുലും (22) പിടിച്ചു നിന്ന ആദ്യ വിക്കറ്റിൽ മാത്രമേ ഇന്ത്യക്ക് പ്രതീക്ഷ നൽകുന്ന പ്രകടനം കാഴ്ചവെക്കാനായുള്ളൂ. 65 റൺസിൽ ആദ്യ വിക്കറ്റ് നഷ്ടമായതിന് ശേഷം, അടുത്ത 60 റൺസ് കൂട്ടിച്ചേർക്കുന്നതിനിടെ ഏഴാം വിക്കറ്റും ഇന്ത്യക്ക് നഷ്ടമായി. സായ് സുദർശൻ (15), ധ്രുവ് ജുറൽ (0), ക്യാപ്റ്റൻ ഋഷഭ് പന്ത് (7), രവീന്ദ്ര ജദേജ (6), നിതീഷ് കുമാർ റെഡ്ഡി (10) എന്നിവർ പെട്ടെന്ന് പുറത്തായി. നേരത്തെ, രണ്ടാം ദിനത്തിൽ മുത്തുസാമിയുടെ (109) സെഞ്ച്വറിയുടെയും മാർക്കോ യാൻസണിന്റെ (91) അർധസെഞ്ച്വറിയുടെയും മികവിലാണ് ദക്ഷിണാഫ്രിക്ക 489 റൺസ് എന്ന മികച്ച ടോട്ടൽ പടുത്തുയർത്തിയത്.
ddsfa

