നടി വിദ്യാ സിൻഹ അന്തരിച്ചു
മുംബൈ: ബോളിവുഡ് നടി വിദ്യാ സൻഹ അന്തരിച്ചു. 71 വയസ്സായിരുന്നു. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെ മുംബൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടർന്ന് കുറച്ച് നാളുകളായി ചികിത്സയിലായിരുന്നു. ബുധനാഴ്ച വൈകുന്നേരത്തോടെ അസുഖം കൂടി. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തിയിരുന്നത്. 1974ലാണ് വിദ്യാ സിൻഹ അഭിനയ രംഗത്തേക്ക് പ്രവേശിക്കുന്നത്. രാജ കാക ആയിരുന്നു ആദ്യ ബോളിവുഡ് ചിത്രം. അതേ വർഷം പുറത്തിറങ്ങിയ ബാസു ചാറ്റർജിയുടെ രാജ്നിഗന്ധയിൽ അമോൾ പലേക്കർക്കൊപ്പവും വിദ്യ അഭിനയിച്ചു.
ചോട്ടി സി ബാത്, പാട്ടി പാട്നി ഓർ വോ, ഹവാസ്, മേരാ ജീവനാ, ഇൻകാർ, കിതാബ്, സേവ്ഡ് ജൂത്ത്, സാബൂട്ട്, ലവ് സ്റ്റോറി, ജോഷ്, എന്നിവ ഉൾപ്പടെ 198ഓളം ചിത്രങ്ങളിൽ വിദ്യ വേഷമിട്ടിട്ടു. ജീവ എന്ന ചിത്രത്തിനുശേഷം അഭിനയരംഗത്ത് നിന്ന് വിട്ടു നിൽക്കുകയായിരുന്നു. പിന്നീട് സിദ്ദീഖ് സംവിധാനം ചെയ്ത സൽമാൻ ഖാൻ ചിത്രം ബോഡിഗാർഡിലൂടെ അഭിനയരംഗത്ത് തിരിച്ചെത്തി.
കാവ്യാഞ്ജലി, ഹാർ ജീത്ത്, ഖുബൂൾ ഹായ്, ഇഷ്ക് കാ രംഗ് സേഫ്ഡ്, ചന്ദ്ര നന്ദിനി, കുൽഫി കുമാർ ബാജേവാലാ തുടങ്ങിയ നിരവധി ടെലിവിഷൻ ഷോകളിലും വിദ്യ അഭിനയിച്ചു. ഭർത്താവ് വെങ്കിടേശ്വര അയ്യർ. മകൾ ജാൻവി.

