അൻവറിന്‍റെ ചെക്ക് ഡാം പൊളിക്കണമെന്ന് ഹൈക്കോടതി
കൊച്ചി: നിലന്പൂർ എം.എൽ.എ പി.വി അൻവറിന്‍റെ തടയണ കേസിൽ നിർണായക ഇടപെടലുമായി ഹൈക്കോടതി. അന്‍വറിന്‍റെ ഭാര്യയുടെ ഉടമസ്ഥതയിലുള്ള തടയണ പൊളിച്ചു കളഞ്ഞ് അതിലെ വെള്ളം മുഴുവന്‍ ഒഴുക്കി കളയാന്‍ കേരള ഹൈക്കോടതി ഉത്തരവിട്ടു. കേസിലെ വാദത്തിനിടെ ഇത്രയേറെ ദുരന്തങ്ങളുണ്ടായിട്ടും നമ്മൾ എന്തുകൊണ്ട് പാഠം പഠിക്കുന്നില്ലെന്ന് ചോദിച്ച കോടതി തടയണ നിർമ്മിച്ചവർ തന്നെ അതു പൊളിച്ചു കളയുന്നതിനുള്ള ചിലവ് വഹിക്കണമെന്നും ഉത്തരവിട്ടു.
തടയണ സ്ഥിതി ചെയ്യുന്ന കക്കടാംപൊയിൽ ഭാഗത്ത് തുടർച്ചയായി ഉരുൾപൊട്ടലും വ്യാപകമായി മണ്ണിടിച്ചിലുമുണ്ടായ സാഹചര്യം ചൂണ്ടിക്കാട്ടി സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതിയുടെ ദ്രുതഗതിയിലുള്ള ഇടപെടൽ. അൻവറിന്‍റെ തടയണയിൽ ഇപ്പോഴും വെള്ളം കെട്ടിക്കിടപ്പുണ്ടെന്നും തടയണ സ്ഥിതി ചെയ്യുന്നതിന് പത്ത് കിലോമീറ്റർ അപ്പുറത്താണ് ഇത്തവണ ഏറ്റവും വലിയ ദുരന്തമുണ്ടായതെന്നും ഹർജിക്കാർ കോടതിയെ ബോധിപ്പിച്ചു.
ഹർജിക്കാരുടെ വാദം കേട്ട ശേഷമാണ് ഇപ്പോഴും അനധികൃതമായി തടയണ നിലനിർത്തുന്നതിനെതിരെ കോടതി രൂക്ഷമായ വിമർശനം ഉന്നയിച്ചത്. ഇത്രയൊക്കെ ആയിട്ടും നമ്മൾ എന്ത് കൊണ്ട് പാഠം പഠിക്കുന്നില്ലെന്ന് ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബെഞ്ച് ചോദിച്ചു. ഇത്രയേറെ നാശനഷ്ടം സംഭവിച്ച സ്ഥിതിക്ക് ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ ഈ മൺസൂൺ സീസണിൽ തന്നെ തടയണ നിൽക്കുന്ന മേഖലയിൽ പരിശോധന നടത്തണമെന്ന് ഹൈക്കോടതി നിർദേശിച്ചു.
ജലസേചന വകുപ്പിലേയും ഖനനവകുപ്പിലേയും ഉദ്യോഗസ്ഥർ പരിശോധയിൽ പങ്കാളികളാവണമെന്നും കോടതി നിർദേശിച്ചു.

