ചികിത്സയ്ക്ക് ലഭിച്ച തുകയിൽ നിന്ന് 10,000 രൂപ പ്രളയബാധിതർക്ക് നൽകി ശരണ്യ
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് പതിനായിരം രൂപ നൽകി സീരിയൽ താരം ശരണ്യ ശശി. ട്യൂമർ ബാധയെ തുടർന്ന് ഏഴാമതും ശസ്ത്രക്രിയ കഴിഞ്ഞ് ജീവിതത്തിലേക്ക് തിരിച്ചു വന്നു കൊണ്ടിരിക്കുകയാണ് താരം. തന്റെ ചികിത്സയ്ക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും അനുവദിച്ച തുകയിൽ നിന്നും ഒരു പങ്കാണ് താരം ദുരിതമനുഭവിക്കുന്നവർക്കായി തിരിച്ചുനൽകിയത്. സ്വാതന്ത്ര്യ ദിനത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഒരു പങ്കു നൽകാനായതിൽ തനിക്ക് സന്തോഷമുണ്ടെന്നും തനിക്ക് ലഭിച്ച തുകയിൽ നിന്നും ഒരു പങ്ക് തിരിച്ചു നൽകുകയാണെന്നും ശരണ്യ ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി.
ഇക്കഴിഞ്ഞ ജൂണിലാണ് ട്യൂമർ ബാധയെ തുടർന്ന് ശരണ്യയ്ക്ക് ഏഴാമതും ശസ്ത്രക്രിയ വേണ്ടി വന്നത്. സാന്പത്തികമായി ഏറെ ബുദ്ധിമുട്ടുകൾ നേരിടുന്ന ശരണ്യയെ സഹായിക്കണമെന്ന് അഭ്യർത്ഥിച്ച് സീരിയൽ താരം സീമ ജി. നായർ രംഗത്തുവന്നതും വാർത്തയായിരുന്നു. തുടർന്ന് ശസ്ത്രക്രിയയ്ക്ക് വിധേയയായ ശരണ്യ ഇപ്പോൾ സുഖം പ്രാപിച്ചു വരികയാണ്. ആറ് വർഷം മുന്പാണ് ശരണ്യയ്ക്ക് ട്യൂമർബാധ സ്ഥിരീകരിക്കുന്നത്. തുടർന്ന് രോഗം ഭേദമായെന്ന് കരുതിയെങ്കിലും ഓരോ വർഷവും ട്യൂമർ മൂർദ്ധന്യാവസ്ഥയിൽ തന്നെ തിരികെ വരികയും ശസ്ത്രക്രിയയ്ക്ക് വിധേയയാവുകയും ചെയ്യേണ്ട അവസ്ഥയായിരുന്നു. ഏഴ് മാസം മുന്പാണ് ശരണ്യയ്ക്ക് ആറാമത്തെ ശസ്ത്രക്രിയ നടക്കുന്നത്.

