ഇങ്ങനെ സംഭവിക്കുമെന്ന് കരുതിയില്ല; ക്ഷമിക്കണം
ന്യൂഡൽഹി: സണ്ണി ലിയോണിന്റെ ഏറ്റവും പുതിയ ചിത്രമായ അർജുൻ പാട്ടിയാലയിലെ നായകൻ ദിൽജിത്തിനൊപ്പമുള്ള ക്രേസി ഹബിബീ വെർസസ് ഡീസന്റ് മുണ്ടെ എന്ന ഗാനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പാട്ടിന് ശേഷം സണ്ണി മറ്റൊരാൾക്ക് തന്റെ ഫോൺ നന്പർ നൽകുന്ന രംഗമുണ്ട്. ആ ഫോൺനന്പർ കാരണം കുടുങ്ങിയത് ഡൽഹി സ്വദേശി പുനിത് അഗർവാൾ ആണ്.
സണ്ണി നൽകിയ ആ ഫോൺ നന്പർ പുനിത് എന്ന 27കാരന്റേതാണ്. സിനിമ പുറത്തിറങ്ങിയത് മുതൽ പുനിതിന് കോളുകളുടെ പ്രവാഹമാണ്. സണ്ണി ലിയോണിനോട് സംസാരിക്കണമെന്ന് പറഞ്ഞുകൊണ്ടാണ് എല്ലാവരും വിളിക്കുന്നത്. തുടക്കത്തിൽ പ്രാങ്ക് കോളുകളാണെന്ന് കരുതി. പിന്നീടാണ് സംഭവം മനസ്സിലായതെന്ന് പുനിത് പറഞ്ഞു. ചിലർ വിളിച്ച് അശ്ലീലമാണ് പറയുന്നത്. പലരും തന്നെ അപമാനിച്ചു. പോലീസ് പരാതി നൽകിയെങ്കിലും നടപടിയൊന്നും ഉണ്ടായില്ലെന്നും പുനിത് പറഞ്ഞു. സംഭവം വിവാദമായതോടെ നടി സണ്ണി മാപ്പ് പറഞ്ഞു. ഇങ്ങനെ സംഭവിക്കുമെന്ന് കരുതിയില്ലെന്നും ക്ഷമ ചോദിക്കുന്നുവെന്നും സണ്ണി പറഞ്ഞു.

