നെടുമുടി വേണുവിനോട് മാപ്പു ചോദിച്ച് തിലകന്റെ മകൾ
കൊച്ചി: തന്റെ അച്ഛൻ തിലകന്റെ വാക്കുകൾ വേദനിപ്പിച്ചെങ്കിൽ തന്നോട് ക്ഷമിക്കണമെന്ന് നെടുമുടി വേണുവിനോട് മകൾ സോണിയ. നെടുമുടി എഴുന്നേറ്റ് അടുത്തുചെന്ന് സോണിയയെ ആശ്വസിപ്പിക്കുകയും ചെയ്തു. ക്യാൻസർ രോഗികളുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന കിങ്ങിണിക്കൂട്ടം ക്യാൻസർ കെയർ സൊസൈറ്റി ഇന്നലെ കോട്ടണ്‍ഹിൽ എൽ.പി സ്‌കൂളിൽ സംഘടിപ്പിച്ച പരിപാടിയിലാണ് വൈകാരിക രംഗങ്ങൾ അരങ്ങേറിയത്.
നടൻ തിലകനും നെടുമുടി വേണുവും തമ്മിലുള്ള പിണക്കം പ്രസിദ്ധമാണ്. ആ പിണക്കം തീർക്കാൻ തിലകൻ മകൾ സോണിയ തന്നെ നേരിട്ട് എത്തുകയായിരുന്നു.
“എന്റെ അച്ഛനും വേണു സാറും തമ്മിലുള്ള തർക്കം കൊടുന്പിരിക്കൊണ്ടിരുന്ന നാളുകളിൽ ഒരു ദിവസം വേണു സാറിന്റെ ഭാര്യ കുട്ടിയെയും കൂട്ടി വട്ടിയൂർക്കാവിലുള്ള എന്റെ ക്ലിനിക്കിൽ ചികിത്സയ്ക്ക് വന്നു. വേണു സാറിനോട് എനിക്കും വെറുപ്പ് തോന്നിയ നാളുകൾ. പക്ഷേ, അദ്ദേഹത്തിന്റെ ഭാര്യ എന്നോട് പറഞ്ഞ വാക്കുകൾ കേട്ടപ്പോൾ ഞാനെത്രയോ ചെറുതായി എന്നെനിക്ക് തോന്നി.
തിലകൻ ചേട്ടനും എന്റെ ഭർത്താവും തമ്മിൽ പല സിനിമാ പിണക്കങ്ങളും വഴക്കുമുണ്ടാവുമെന്നും നമ്മുടെയിടയിൽ അതൊന്നും ഉണ്ടാവരുതെന്നും ക്ലിനിക്കിൽ നിന്ന് ഇറങ്ങാൻ നേരം അവർ പറഞ്ഞു. അച്ഛന്റെ വാക്കുകൾ വേണു സാറിനെ വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ ഞാൻ മാപ്പു ചോദിക്കുന്നു.” സോണിയ പറഞ്ഞു.
ലോഹിതദാസ് തിരക്കഥ എഴുതിയ ഭരതം, ഹിസ് ഹൈനസ് അബ്ദുള്ള എന്നീ സിനിമകളിലെ തിലകന്റെ വേഷം നെടുമുടി വേണു തട്ടിയെടുത്തു എന്നൊരു ആക്ഷേപം സിനിമാലോകത്തുണ്ടായിരുന്നു. തിലകന്റെ ആരോപണം തന്നെ വേദനിപ്പിച്ചെന്ന് നെടുമുടി വേണു മുന്പ് പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്. അതിനാൽ തന്നെ ഇരുവരും പിണക്കത്തിലുമായിരുന്നു.

