ധനുഷ് വീണ്ടും ബോളിവുഡിലേക്ക്
ചെന്നൈ: ആനന്ദ് എൽ. റായിയുടെ ചിത്രത്തിലൂടെ ധനുഷ് വീണ്ടും ബോളിവുഡിലേക്ക്. ആനന്ദിന്റെ രാഝന എന്ന ചിത്രത്തിലൂടെയായിരുന്നു ധനുഷിന്റെ ബോളിവുഡ് അരങ്ങേറ്റം. പുതിയ ചിത്രത്തിൽ ഹൃത്വിക് റോഷനും സാറ അലി ഖാനും മൊപ്പമാണ് ധനുഷും പ്രധാന വേഷത്തിലെത്തുന്നത്.
ഇതാദ്യമായാണ് ഋത്വിക് റോഷൻ, സാറാ അലിഖാൻ എന്നിവർക്കൊപ്പം ആനന്ദ് എൽ. റായ് ഒന്നിക്കുന്നത്. ചിത്രത്തിന്റെ പേരോ കഥയോ കഥാപാത്രങ്ങളുടെ കൂടുതൽ വിവരങ്ങളോ അണിയറപ്രവർത്തകർ ഇതുവരെ പുറത്തു വിട്ടിട്ടില്ല. ആരുടെ നായികയായാവും സാറാ എത്തുന്നതെന്നും വ്യക്തമല്ല. ചിത്രത്തിന്റെ കൂടുതൽ വിവരങ്ങൾ ഉടൻ തന്നെ പ്രഖ്യാപിക്കുമെന്ന് ആനന്ദ് എൽ. റായ് പറഞ്ഞു.
കളർ യെല്ലോ ഫിലിംസ് ആണ് ചിത്രം നിർമ്മിക്കുന്നത്. അസുരനാണ് ധനുഷിന്റെ പുതിയ തമിഴ് ചിത്രം. അസുരനിൽ മഞ്ജു വാര്യരാണ് നായിക. ഗണിത ശാസ്ത്രജ്ഞൻ ആനന്ദ് കുമാറിന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ സൂപ്പർ 30യാണ് ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ഹൃത്വിക് ചിത്രം.

