ജയറാമിന്റെ നായികയായി തബു
തിരുവനന്തപുരം: ‘ഭാഗ്മതി’ക്ക് ശേഷം ജയറാം തെലുങ്കിലെത്തുന്ന ചിത്രത്തിൽ ജയറാമിന്റെ ജോഡി ആവുന്നത് ബോളിവുഡ് താരം തബു ആണെന്ന് റിപ്പോർട്ട്. തെലുങ്കിൽ പുതുതായി അഭിനയിക്കുന്ന സിനിമയ്ക്കുവേണ്ടിയുള്ള ജയറാമിന്റെ മേയ്ക്കോവർ സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു. ‘ഫ്രീക്ക്’ ലുക്കിലുള്ള ചിത്രം സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടത് ജയറാം തന്നെ ആയിരുന്നു. കഥാപാത്രത്തിനുവേണ്ടി 12 കിലോ ഭാരമാണ് ജയറാം കുറച്ചിരിക്കുന്നത്.
ചിത്രത്തിൽ ജയറാം അവതരിപ്പിക്കുന്ന കഥാപാത്രത്തെക്കുറിച്ച് കൂടുതൽ വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല. അനുഷ്‌ക ഷെട്ടി പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച് 2018ൽ പുറത്തുവന്ന ‘ഭാഗ്മതി’യിലാണ് ജയറാം അവസാനം തെലുങ്കിൽ അഭിനയിച്ചത്. അദ്ദേഹത്തിന് ഏറെ കൈയടികൾ നേടിക്കൊടുത്ത കഥാപാത്രവുമായിരുന്നു അത്.
അല്ലു അർജ്ജുൻ നായകനാവുന്ന പുതിയ ചിത്രം സംവിധാനം ചെയ്യുന്നത് ത്രിവിക്രം ശ്രീനിവാസ് ആണ്. അല്ലു അർജുന്റെ കരിയറിലെ 19−ാം ചിത്രമാണിത്. മുന്‍പ് അല്ലുവിനെ നായകനാക്കി സണ്‍ ഓഫ് സത്യമൂർത്തിയും രവീന്ദ്ര രവി നാരായണുമൊക്കെ ഒരുക്കിയ സംവിധായകനാണ് ത്രിവിക്രം ശ്രീനിവാസ്. അതേസമയം വിജയ് സേതുപതിക്കൊപ്പമെത്തിയ ‘മാർക്കോണി മത്തായി’യാണ് ജയറാമിന്റേതായി അവസാനം തീയേറ്ററുകളിലെത്തിയ ചിത്രം. കണ്ണൻ താമരക്കുളത്തിന്റെ പട്ടാഭിരാമനാണ് അടുത്ത് പുറത്തിറങ്ങാനിരിക്കുന്ന ചിത്രം.

