ശക്തമായ രാഷ്ട്രീയവുമായി ‘മമ്മാലി എന്ന ഇന്ത്യക്കാരൻ’; ചിത്രം ഉടൻ തിയേറ്ററുകളിൽ
തിരുവനന്തപുരം: അരുൺ എൻ. ശിവൻ സംവിധാനം ചെയ്യുന്ന ‘മമ്മാലി എന്ന ഇന്ത്യക്കാരൻ’ ആഗസ്റ്റ് രണ്ടിന് തിയേറ്ററുകളിൽ എത്തും. ഹിന്ദുത്വഫാസിസം, പശുഭീകരത, പോലീസ്, മാവോയിസം, ട്രാൻസ്‌ജെൻഡറുകൾ അനുഭവിക്കുന്ന സാമൂഹിക ബഹിഷ്‌കരണം, ഇസ്ലാമോമോബിയ, അടിച്ചമർത്തൽ എന്നിവയെല്ലാം പ്രമേയമാക്കി സംവിധാനം ചെയ്യുന്ന ചിത്രം ഇസ്ലാമിക് േസ്റ്ററ്റിൽ ചേർന്നതിനു ശേഷം കൊല്ലപ്പെടുന്ന അൻവർ എന്ന യുവാവിന്റെ കുടുംബത്തിന് നേരിടേണ്ടിവരുന്ന പ്രശ്‌നങ്ങളും സാമൂഹികമായ ബഹിഷ്‌കരണവുമാണ് സിനിമ മുന്നോട്ടു വക്കുന്നത്. മമ്മാലി എന്ന അൻവറിന്റെ പിതാവിന്റെയും ഭാര്യ ശരീഫയുടെയും ജീവിതത്തിലൂടെയാണ് സിനിമയുടെ കഥ വികസിക്കുന്നത്.
2018 മാർച്ചിൽ ചിത്രീകരണം പൂർത്തിയായെങ്കിലും സെൻസർ ബോർഡ് സർട്ടിഫിക്കറ്റിനു വേണ്ടി ഒരു വർഷത്തോളം ചിത്രത്തിന് കാത്തിരിക്കേണ്ടി വന്നു. സിനിമയുടെ നിർമ്‍മാതാവായ കാർത്തിക് കെ നഗരം തന്നെയാണ് മുഖ്യകഥാപാത്രമായ മമ്മാലിയെ അവതരിപ്പിക്കുന്നത്. പുതുമുഖ താരം മൻസിയ, ഷെരീഫ എന്ന മരുമകളുടെ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. കഥ തിരക്കഥ സംഭാഷണം നാടക പ്രവർത്തകൻ റഫീഖ് മംഗലശ്ശേരിയാണ് . അഷ്‌റഫ് പാലാഴി ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നു. ഗാനരചന അൻവർ അലി. സംഗീത സംവിധാനം ഷമേജ് ശ്രീധർ.

