വൃക്കരോഗത്തിന് ചികിത്സയിലോ?; പ്രതികരണവുമായി റാണ ദഗുബാട്ടി
ഹൈദരബാദ്: നടൻ റാണ ദഗുബാട്ടി വൃക്കരോഗത്തിന് ചികിത്സയിലാണെന്നും അമ്മ വൃക്ക ദാനം ചെയ്യുമെന്നുമുള്ള രീതിയിൽ അടുത്തിടെ വാർത്തകൾ പ്രചരിച്ചിരുന്നു. വാർത്തകളോടുള്ള പ്രതികരണവുമായി എത്തിയിരിക്കുകയാണ് താരമിപ്പോൾ. ഹൈദരാബാദിലും മുംബൈയിലുമായി നടത്തിയ ചികിത്സയിൽ കാര്യമായ ഫലമുണ്ടാകാത്തതിനെ തുടർന്ന് റാണ അമേരിക്കയിലേയ്ക്കു ചികിത്സയ്ക്കു പോയെന്നുമായിരുന്നു റിപ്പോർട്ടിൽ. എന്നാൽ ഇപ്പോൾ വാർത്തയിൽ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ് റാണ.
വിജയ് ദേവരകൊണ്ടയുടെ പുതിയ ചിത്രം ഡിയർ കോമ്രേഡിന് ആശംസകൾ നേർന്ന് റാണ സോഷ്യൽ മീഡിയയിൽ വീഡിയോ പങ്കുവെച്ചിരുന്നു. ഇതിനു താഴെ റാണയുടെ ആരോഗ്യത്തെയും രോഗത്തെയും സംബന്ധിച്ച ചോദ്യങ്ങളുമായി ആരാധകരും എത്തി. താങ്കളുടെ സർജറി എങ്ങനെ ഉണ്ടായിരുന്നുവെന്നും ആരോഗ്യം ഓക്കെയാണോ എന്നുമായിരുന്നു ഇതിൽ ഒരു ആരാധകന്റെ ചോദ്യം. ‘ഇത്തരം വാർത്തകൾ വരുന്ന വെബ്‌സൈറ്റുകൾ വായിക്കുന്നത് നിർത്തൂ’ എന്നായിരുന്നു മറുപടിയായി റാണ പറഞ്ഞത്.
റാണയുടെ പ്രതികരണം പുറത്തു വന്നതോടെ അദ്ദേഹം ആരോഗ്യവാനായി ഇരിക്കുന്നു എന്നതിന്റെ ആശ്വാസത്തിലാണ് ആരാധകർ. ചിത്രീകരണം പൂർത്തിയായ ഹാത്തി മേരെ സാത്തിയാണ് റിലീസ് ചെയ്യാനിരിക്കുന്ന റാണയുടെ ചിത്രം. വിരാടപർവം എന്നൊരു സിനിമയിലും റാണ കരാർ ഒപ്പിട്ടിട്ടുണ്ട്.

