അജു വർഗീസ് നായകനാകുന്ന കമല
കൊച്ചി: അജു വർഗ്‍ഗീസിനെ നായകനാക്കി രഞ്ജിത്ത് ശങ്കർ ഒരുക്കുന്ന ചിത്രമാണ് കമല. കമല ഒരു ത്രില്ലറാണെന്ന് അനൗൺസ്‌മെന്റ് പോസ്റ്ററിനൊപ്പം സംവിധായകൻ അറിയിച്ചു. ഡ്രീംസ് ആന്റ് ബിയോണ്ട്‌സിന്റെ ബാനറിലാണ് നിർമ്മാണം. പ്രേതം 2ന് ശേഷമെത്തുന്ന രഞ്ജിത്ത് ശങ്കർ ചിത്രമാണിത്.
തിരക്കഥ പൂർത്തിയാക്കിയതിന് ശേഷമാണ് നായകവേഷത്തിൽ ആരെ അഭിനയിപ്പിക്കണമെന്ന് ആലോചിച്ചതെന്നും നിലവിലെ എല്ലാ നായക നടന്മാരെക്കുറിച്ചും ആലോചിച്ചെന്നും രഞ്ജിത്ത് ശങ്കർ ഫേസ്ബുക്കിൽ കുറിച്ചു.
'സാധാരണവും അതേസമയം വിഭിന്ന സ്വഭാവവുമുള്ള ഒരു കഥാപാത്രമാണ് ഇത്. നിലവിലെ നായകന്മാരിൽ ആരെയും ആ കഥാപാത്രമായി സങ്കൽപ്പിക്കാൻ കഴിഞ്ഞില്ല. ഈ സിനിമ മാറ്റിവച്ച്, മറ്റ് കഥകളിലേക്ക് പോവുക സങ്കടകരമായിരുന്നു. ഒരു ദിവസം പൊടുന്നനെ അജു വർഗ്ഗീസ് എന്റെ മനസ്സിലേക്ക് വരുകയായിരുന്നു. ഇത് അജുവിനുവേണ്ടി എഴുതപ്പെട്ട തിരക്കഥയാണെന്നും എനിക്ക് മനസിലായി', രഞ്ജിത്ത് ശങ്കർ പറഞ്ഞു.

